ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ഐഎസിനോടുപമിച്ച കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ നിലപാടിനെ പൂര്‍ണ്ണമായും പിന്തുണച്ച് രാഹുല്‍ഗാന്ധി.
കഴിഞ്ഞ ദിവസം സല്മാന് ഖുര്‍ഷിദ് പ്രസിദ്ധീകരിച്ച “അയോധ്യയ്ക്ക് മുകളിലെ സൂര്യോദയം: ദേശീയത നമ്മുടെ കാലത്ത്”എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഇതിനെയാണ് വെള്ളിയാഴ്ച രാഹുല്‍ഗാന്ധി പിന്തുണച്ചത്. ഹിന്ദുത്വ ഹിംസാത്മകമാണെന്നും മുസ്ലിമിനെയും സിഖുകാരനെയും ഉപദ്രവിക്കുന്ന ഒന്നാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ വിശദീകരണം. മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ഈ വിവാദ പ്രസ്താവന.
അയോധ്യക്കേസിലെ സുപ്രീംകോടതി വിധിയെപ്പറ്റിയുള്ളതാണ് സല്മാന് ഖുര്‍ഷിദിന്റെ പുസ്തകം. ഐഎസ്, ബോക്കോ ഹറാം എന്നീ ജിഹാദി ഗ്രൂപ്പകളെപ്പോലെ ഹിന്ദുത്വ സനാതന ധര്‍മ്മത്തെയും പുരാതന ഹിന്ദുത്വത്തെയും ഒരരികിലേക്ക് തള്ളിമാറ്റിയിരിക്കുകയാണെന്നാണ് പുസ്തകത്തിലെ ‘കാവിയാകാശം’ എന്ന തലക്കെട്ടിലുള്ള ഒരു അധ്യായം വിശദീകരിക്കുന്നത്.
അതേ സമയം സല്മാന് ഖുര്‍ഷിദിന്റെ പുസ്തകത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ കലാപം രൂക്ഷമാവുകയാണ്. ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബിയുടെ പ്രതികരണം. അതേ സമയം രാഹുല്‍ ഗാന്ധി ഗുലാം നബിയെ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ ഒരുവിഭാഗം നേതാക്കള്‍ സല്മാന് ഖുര്‍ഷിദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: