തിരുവനന്തപുരം: മൂന്നാം തവണയും സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് സിഎജിയും പ്രതിപക്ഷവും മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ജനിക്കാന്‍ പോവുന്ന കുട്ടികളെ വരെ കടക്കാരാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമാന പരാമര്‍ശങ്ങളുടെ പേരിലാണ് മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സഭയില്‍ സമര്‍പ്പിക്കും മുന്‍പ് പുറത്തു വിടുകയും വിവാദ പരാമര്‍ശങ്ങള്‍ നിയമസഭ നീക്കം ചെയ്യുകയും ചെയ്തത് ആസൂത്രിതമായിരുന്നെന്ന് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വ്യക്തമായി. സര്‍ക്കാര്‍ വര്‍ഷം തോറും ഇങ്ങനെ കടം വാങ്ങുന്നത് തുടര്‍ന്നാല്‍ കടം കുമിഞ്ഞുകൂടുന്നതിനും കൂടുതല്‍ പലിശ ബാധ്യതയ്ക്കും കാരണമാകുമെന്ന് ബിജെപി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലിശ നല്കാന് പോലും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ഭാവി തലമുറയെ പോലും കടക്കാരാക്കുന്ന സാമ്പത്തിക നയമാണ് ഇടത് സര്‍ക്കാരിന്റേതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം നിശ്ചയിച്ച വായ്പ്പാപരിധി മറികടക്കാനും അഴിമതി നടത്താനും വേണ്ടിയുള്ള ഉപാധിയാണ് കിഫ്ബിയെന്ന് ബോധ്യമായി. സംസ്ഥാന ബജറ്റിലോ സര്‍ക്കാരിന്റെ കണക്കുകളിലോ കട ബാധ്യത വെളിപ്പെടുത്തിയിട്ടില്ലെന്നത് ഗൗരവതരമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ബജറ്റ് രേഖകളില്‍ കിഫ്ബി വായ്പകള്‍ ഉള്‍പ്പെടുത്താത്തിടത്തോളം അവയ്ക്കു നിയമസഭയുടെ അംഗീകരമുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ നാടകം കളിക്കുകയായിരുന്നു. ഇനിയും സിഎജിക്കെതിരെ സമരം ചെയ്യാതെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിദേശത്തു നിന്നും കടമെടുത്ത് ധൂര്‍ത്ത് നടത്താതെ സംസ്ഥാനം പിരിക്കേണ്ട നികുതി പിരിച്ചെടുക്കാനാണ് പിണറായി വിജയന് ശ്രമിക്കേണ്ടത്. ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധമില്ലാത്ത ബഡ്ജറ്റ് അവതരിപ്പിച്ച് അപഹാസ്യരാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: