കോട്ടയം: ഓരോ ദിവസും സാധാരണക്കാരില്‍ നിന്നു ലഭിക്കാന്‍ സാധ്യതയുള്ള കൈക്കൂലി രജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിയുടെ കണക്ക് മുന്‍കൂറായി രജിസ്റ്ററില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയത്.
എന്നാല്‍ രജിസ്റ്ററില്‍ എഴുതിയിരിക്കുന്ന തുകയില്‍ വളരെ കുറച്ചു മാത്രമേ ഉദ്യാഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥന് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ആളാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മറ്റൊരു സബ് റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട 4 ആധാരമെഴുത്തുകാരില്‍ നിന്ന് 22,352 രൂപ പിടിച്ചെടുത്തു. റജിസ്ട്രാര്‍ ഓഫിസിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനായി കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയത്. വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് എസ്പി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം സര്‍ക്കാരിനു കൈമാറുമെന്ന് അദേഹം പറഞ്ഞു. ജില്ലയിലെ 6 സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ഡിവൈഎസ്പിമാരായ കെ.എ.വിദ്യാധരന്, എം.കെ.മനോജ്, സിഐമാരായ സജു എസ്.ദാസ്, മനോജ് കുമാര്‍, റെജി എം.കുന്നിപ്പറമ്പന്, എസ്.ആര്.നിസാം, രതീന്ദ്രകുമാര്‍, എസ്ഐമാരായ കെ.സന്തോഷ് കുമാര്‍, തോമസ് ജോസഫ്, അനില്‍ കുമാര്‍, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: