തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും രേഖകള്‍ പുറത്ത്. മരംമുറിയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ അഞ്ച് മാസം മുമ്പേ തുടങ്ങിയതാണെന്ന് തെളിയിക്കുന്ന ഇ ഫയല്‍ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
മരം മുറി സംബന്ധിച്ചുള്ള വിവാദങ്ങളില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ തന്ന മരംമുറിയുമായി ബന്ധപ്പെട്ട ഫയല്‍ വനം വകുപ്പില്‍ നിന്നും ജലവകുപ്പിലെത്തിയതാണെന്നും ഇതില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഇ ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ബേബി ഡാം ശക്തപ്പെടുത്താന്‍ 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. സെക്രട്ടറിതല ചര്‍ച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തര്‍സംസ്ഥാന തകര്‍ക്കമായതിനാല്‍ തീരുമാനമെടുക്കാന്‍ ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയല്‍ നല്കി. മെയ് 23ന് ജലവിഭവ വകുപ്പില്‍ എത്തിയ ഫയല്‍ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരുടേയും പക്കല്‍ എത്തിയിട്ടുള്ളതാണ്. ഇത്രയും ഗൗരവമായ വിഷയം കൈകാര്യം ചെയ്യുന്ന ഫയല്‍ കണ്ടിട്ടില്ലെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
മരംമുറിയില്‍ നിര്‍ണായക തീരുമാനമെടുത്ത സെപ്തംബര്‍ 17ലെ തമിഴ്നാട്- കേരള സെക്രട്ടറി തല യോഗത്തിന്റെ സംഘാടകരും ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 13 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിക്കുന്നത്. യോഗം വിജയകരമായി നടത്തിയതിന് ചീഫ് എഞ്ചിനിയര്‍ അലക്സ് വര്‍ഗീസിന് ജലവിഭവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗുഡ് സര്‍വ്വീസും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: