വനവാസി സമൂഹത്തിന്റെ സുഗമവും സുഖകരവുമായ ജീവിതത്തിന് അത്താണിയാവുകയായിരുന്നു ധനഞ്ജയ് സഗ്ദേവ്. വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍. അക്ഷരാര്‍ത്ഥത്തില്‍ നിസ്വാര്‍ത്ഥ സേവകന്. പത്മശ്രീയുടെ നിറവിലും ഒന്നും തന്റേതല്ലെന്ന വിനമ്രതയാണ് സഗ്ദേവിന്റെ കുലീനത. വിവേകാനന്ദ മെഡിക്കല്‍ മിഷനും വനവാസി കല്യാണാശ്രമവും സ്വയംസേവകരും ഒറ്റക്കെട്ടായി വനവാസി ബന്ധുക്കള്‍ക്കായി ചെയ്ത പ്രവര്‍ത്തനത്തിനാണ് പത്മശ്രീ പുരസ്കാരമെന്ന് ജന്മഭൂമിയോട് പറയുമ്പോഴും അദ്ദേഹത്തില്‍ കണ്ട ഭാവം അതായിരുന്നു.
‘അതീവ സന്തോഷത്തോടെയാണ് പുരസ്കാരം സ്വീകരിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്തുകാണുന്നതിനും സംസാരിക്കുന്നതിനും അവസരവും കിട്ടി. അനുമോദനവും ആശീര്‍വാദവും ഏറ്റുവാങ്ങി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അത്. എല്ലാവരും കൂടി ചെയ്ത പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് തന്റെ കൈകളില്‍ എത്തിയത്. പുരസ്കാരം തന്റെ പേരിലാണെങ്കിലും അത് ഏറ്റുവാങ്ങിയത് എല്ലാവര്ക്കും വേണ്ടിയാണ്.’ ധനഞ്ജയ് ദിവാകര്‍ സഗ്ദേവ് പറയുന്നു.
1980ലാണ് അദ്ദേഹം എംബിബിഎസ് പൂര്‍ത്തിയാക്കുന്നത്. മുംബൈയിലെ ഏതെങ്കിലും ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ച് സമാജ സേവനത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബാല്യം മുതല്‍ തന്നെ ആര്‍എസ്എസ് ശാഖയില്‍ നിന്ന് ലഭിച്ച പ്രേരണയും ഘടകമായി. ഡോക്ടര്‍മാരുടെ സേവനമില്ലാത്ത ഏതെങ്കിലും പ്രദേശത്ത് ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം. ആര്‍എസ്എസ് തന്നെ അത്തരമൊരു നിര്‍ദ്ദേശം തരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മൂന്നാമത് സര്‍സംഘചാലകായിരുന്ന ദേവറസ്ജി വയനാട് ചൂണ്ടിക്കാട്ടുന്നത്. അവിടെ 1972ല്‍ തന്നെ വനവാസി സഹോദരന്മാര്ക്കായി മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് ആരംഭിച്ചിരുന്നു.
മുട്ടില്‍ എത്തിയ സമയത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. വളരെ പിന്നാക്കാവസ്ഥ. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നു. വനവാസികള്‍ മുഖ്യധാരാസമൂഹവുമായി ബന്ധപ്പെടാന്‍ പോലും കൂട്ടാക്കാത്ത സാഹചര്യം. നക്സലുകളുടെ സ്വാധീനം മറുഭാഗത്ത്. ഭാഷ, ഭക്ഷണം, സംസ്കാരം എല്ലാം പ്രശ്നമായിരുന്നു. എന്നാല്‍ എല്ലാ ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറായി തന്നെയാണ് എത്തിയത്. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുകയായിരുന്നു ലക്ഷ്യം. ആദ്യം ഭാഷ പഠിച്ചു. അവരുമായി സംസാരിച്ചു. അവരുടെ സ്നേഹം കിട്ടാന്‍ തുടങ്ങി. കൂടുതല്‍ അടുത്തതോടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്താന്‍ തുടങ്ങി.
വനവാസികളെ ഭീതിയിലാഴ്ത്തുന്നത് ‘അരിവാള്‍ രോഗ’മാണ് എന്ന് തിരിച്ചറിയുന്നത് ഇതിനിടയിലാണ്. നാഗ്പൂരില്‍ അരിവാള്‍ രോഗം ഉള്ളവര്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അതുതന്നെയെന്ന് ഉറപ്പിച്ചു. എന്നാല്‍ അന്ന് വയനാട്ടില്‍ പരിശോധനയ്ക്ക് സംവിധാനങ്ങള്‍ ഇല്ലായിരുന്നു. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ചൗഹാനുമായി സംസാരിച്ചു. എയിംസില്‍ നിന്ന് ഒരു സംഘം എത്തി.. പരിശോധിച്ച് രോഗം സ്ഥിരീകരിച്ചു. അരിവാള്‍ രോഗം കണ്ടെത്താനും ചികിത്സയ്ക്കും എല്ലാമായി നാലു വര്‍ഷം നീണ്ട ഒരു ഒരു പ്രൊജക്ട് നടപ്പാക്കി. എല്ലാ കോളനികളിലും എത്തി പരിശോധന, രോഗ നിര്‍ണ്ണയം, ചികിത്സ എന്നിവ നടത്തി. വനവാസികളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കാന്‍ വിശദമായ കൗണ്‍സിലിംഗ് നല്കി. ഇപ്പോള്‍ അരിവാള്‍ രോഗത്തിനുള്ള മികച്ച ചികിത്സാ കേന്ദ്രമാണ് മുട്ടില്‍ ആശുപത്രി. ഭാവിയില്‍ വയനാടിനെ അരിവാള്‍ രോഗമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിവേകാനന്ദ മെഡിക്കല്‍ മിഷന് കൊവിഡ് കാലത്ത് നടത്തിയ സേവനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 27 ഹെല്‍പ്പ് ഡെസ്ക്കുകളാണ് ആരംഭിച്ചത്. വനവാസികള്‍ക്ക് സാനിറ്റൈസര്‍, മാസ്ക് എന്നിവയ്ക്കുപുറമെ ആവശ്യമായ സഹായങ്ങളും എത്തിച്ചുനല്‍കി. പ്രതിരോധമാണ് പ്രധാനമെന്ന തിരിച്ചറിവില്‍ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എല്ലാ കോളനികളിലും നടത്തി. സൗജന്യ മരുന്നുവിതരണവും പരിശോധനയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്കുന്നു. കൊവിഡിനെകുറിച്ച് ബോധവത്കരിക്കുന്നതിനായി ഹ്രസ്വചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്. അതെല്ലാ കോളനികളിലും പ്രദര്‍ശിപ്പിക്കുന്നു.
അര്‍ഹതപ്പെട്ടവരായിട്ടും അംഗീകാരം ലഭിക്കാതെ പോയ നിരവധി പേര്‍ക്കാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പദ്മ പുരസ്കാരങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ഉന്മേഷത്തോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അവര്‍ക്കെല്ലാം പ്രേരണയാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും പുരസ്കാരസമര്‍പ്പണ ചടങ്ങിലൂടെ സാധിച്ചെന്നും അതു കൂടുതല്‍ പ്രചോദനമായെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ സുജാതയ്ക്കും മകള്‍ ഡോ. ഗായത്രിയ്ക്കുമൊപ്പമാണ് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: