ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത് എപ്പോഴും ശ്രീകോവിലില്‍ വാഴുന്ന ദേവീദേവന്മാരുടെ പേരിലാണ്. എന്നാല്‍ ശില്പിയുടെ പേരില്‍ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട് തെലങ്കാനയില്‍. വാറംഗലിനടുത്ത് പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രം. കേള്‍ക്കുന്നമാത്രയില്‍ രാമക്ഷേത്രമെന്നു തോന്നുമെങ്കിലും ഇതൊരു ശിവക്ഷേത്രമാണ്. രുദ്രേശ്വര ക്ഷേത്രം. പക്ഷേ രുദ്രന്റെ (ശിവഭഗവാന്) പേരിലല്ല, അസാധാരണ വൈദഗ്ധ്യത്തോടെ, ക്ഷേത്രത്തെ ‘കല്ലിലെ വിസ്മയ’മാക്കിത്തീര്‍ത്ത രാമപ്പ സ്ഥപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
13ാം നൂറ്റാണ്ടില്‍ വാറങ്കലിലെ കാകതീയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്ത് സേനാപതി രചേര്ല രുദ്രയ്യയുടെ മേല്‍നോട്ടത്തില്‍ രാമപ്പ പണിതതാണ് രാമപ്പക്ഷേത്രം. പണി പൂര്ത്തിയാവാനെടുത്തത് 40 വര്‍ഷം. ക്ഷേത്രത്തെ വിഖ്യാതമാക്കുന്നത് അതിന്റെ വാസ്തുസൗന്ദര്യമെങ്കിലും ഒരു ശില്പിയുടെ മഹത്വം ഇത്രമേല്‍ ആദരിച്ച ഭൂപതികളും പ്രജകളും കാകതീയ വംശത്തിന്റെ യശസ്സുയര്‍ത്തുന്നു.
ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രത്തിന്റെ വശ്യത, ചുവരുകളിലും തൂണുകളിലുമായി കൃഷ്ണശിലയില്‍ തീര്‍ത്ത അസംഖ്യം ശില്പങ്ങളില് നിക്ഷിപ്തമാണ്. നര്‍ത്തകരും സംഗീതജ്ഞരും പക്ഷിമൃഗാദികളും ഇവിടെ ജീവചൈതന്യത്തോടെ കാലത്തെ അതിജീവിക്കുന്നു. ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുള്ള ശില്പങ്ങളില് തെളിയുന്നതാവട്ടെ രാമായണ, ശിവപുരാണ കഥാസന്ദര്‍ഭങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മറ്റൊന്നാണ് ക്ഷേത്ര മകുടവും ശ്രീകോവിലും നിര്‍മ്മിച്ചിരിക്കുന്ന ഭാരം കുറഞ്ഞ കല്ലുകള്‍. വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നവ. എന്നാല്‍ ഒരു പോറല്‍ പോലും വീഴ്ത്താനാവാത്ത ഉറപ്പുള്ള കല്ലുകള്‍.
ആറടി പൊക്കത്തില്‍ നക്ഷത്രാകൃതിയില്‍ പണിത അടിത്തറയ്ക്കു മീതെയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു അസാമാന്യ നിര്‍മ്മിയാണ് ശ്രീകോവലിലുള്ള ശിവലിംഗവും. ഇതിനു പൊക്കം ഒമ്പതടി! പിന്നെയുമെത്രയോ അത്ഭുതങ്ങളുമായി വയലേലകള്‍ക്കും രാമപ്പ തടാകത്തിനുമിടയില് തീര്‍ഥാടകരെയും ദേശാടകരെയും ഒരുപോലെ മോഹിപ്പിക്കുന്നു ഈ രാമപ്പ നിര്‍മിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: