പത്മശ്രീയുടെ നിറവിലും കുഞ്ഞോല്‍ മാഷ് നിസ്വനായിരുന്നു. രാഷ്ട്രപതി ഭവന്റെ ഹാളില്‍ നില്‍ക്കുമ്പോഴും വിനയാന്വിതന്. ആഹ്ലാദം അതിരുവിടാത്ത സൗമ്യത. ജീവിതത്തില്‍ ഇന്നോളം ഏതുസമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചോ അവരായിരുന്നു മനസ്സില്‍. കര്‍മപഥത്തിലെ ഓരോ ചുവടുവയ്പും ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു. സ്വാമി സത്യാനന്ദ സരസ്വതിയടക്കമുള്ള ഗുരുസ്ഥാനീയരെ മനസില്‍ പ്രണമിച്ചാണ് പദ്മശ്രീ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജന്മഭൂമിയോടു സംസാരിക്കുമ്പോഴും ആചാര്യ എം.കെ. കുഞ്ഞോല്‍ പറഞ്ഞത് ഒപ്പം നടന്നവരെക്കുറിച്ചാണ്, ഓര്‍ത്തത് സമാജത്തെക്കുറിച്ചാണ്…
”ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്”, കുഞ്ഞോല്‍ മാഷ് പറയുന്നു. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തനത്തിലുണ്ട്. ഒരു അവാര്‍ഡും പ്രതീക്ഷിച്ചായിരുന്നില്ല ഒന്നും. വര്‍ഷങ്ങളായി കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനവുമായി ഈ രംഗത്തുണ്ട്. സ്വാമി സത്യാനന്ദസരസ്വതി ഹിന്ദുഐക്യവേദി ആരംഭിച്ചതുമുതല്‍ വിവിധ ചുമതലകളുമായി കൂടെയുണ്ട്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ സംസ്ഥാന രക്ഷാധികാരിയാണ്. ഹരിജനങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. അതിന് കരുത്ത് പകരുന്നതാണ് ഈ പുരസ്കാരം.
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഹരിജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാട് ആവര്‍ക്കുന്നു കുഞ്ഞോല്‍ മാഷ്. നെഹ്റുവിന്റെ കാലത്തും പറച്ചില് മാത്രമായിരുന്നു. 17 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. വ്യാജഗാന്ധിമാരുടെ കൊള്ളരുതായ്മകളാണ് തുടരുന്നത്. 70 വര്‍ഷത്തിനിടയ്ക്ക് കേരളത്തില്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവ് ഉണ്ടായിട്ടില്ല. സമ്പാദ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം തടസ്സമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചശേഷമാണ് കമ്മ്യൂണിസ്റ്റുകളോട് എതിര്‍പ്പായത്.
പദ്മ പുരസ്കാര ചടങ്ങില്‍ ഏറെ അഭിമാനത്തോടെയാണ് നിന്നതെന്ന് കുഞ്ഞോല്‍ മാഷ്. ”എനിക്കു പുരസ്കാരം ലഭിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല അത്. ഇന്ത്യ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും തെളിയിക്കുകയാണ് ഈ ചടങ്ങ്. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ യശസ്സ് ഉയരുകയാണ്. പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോദിയെ കണ്ടു സംസാരിക്കാനായി. പുരസ്കാരം സമ്മാനിച്ചപ്പോള്‍ രാഷ്ട്രപതി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അദ്ദേഹത്തോട് മലയാളത്തില്‍ സൗഹൃദ നന്ദിയെന്നു പറഞ്ഞു”. ഭാര്യ കാര്‍ത്ത്യായനിക്കും മകന് അംബേദ്കറിനും ഒപ്പമാണ് മാഷ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: