മുംബൈ: കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക സേവനം നല്കുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. എസ് ബി ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സാമ്പത്തിക സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ പാവപ്പെട്ടവന്, പണക്കാരന് എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവര്ക്കും ലഭ്യമാക്കുന്നതിനെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) എന്ന് പറയുന്നത്.
ഒരു ലക്ഷം പൗരന്മാര്ക്കുള്ള ബാങ്ക് ശാഖകളുടെ എണ്ണം 2015ല്‍ 13.6 ആയിരുന്നു. എന്നാല്‍ 2020ല്‍ ഇത് 14.7 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ദൗത്യങ്ങള്‍ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ മാത്രമല്ല, ജര്‍മ്മനിയേയും ദക്ഷിണാഫ്രിക്കയേയും പിന്നിലാക്കിയിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി ജന്‍ധന്‍യോജന, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിസ്ഥാന സൗകര്യവികസനം, ബാങ്കിംഗ് കറസ്പോണ്ടന്റുമാരെ നിയോഗിക്കല്‍ തുടങ്ങിയ പദ്ധതികള്‍ വഴി രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നേറുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ പേമെന്റ്, മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയും ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നയങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വിവിധ നിലകളില്‍ പങ്ക് വഹിക്കാന്‍ കഴിയുമെന്നും എസ് ബി ഐ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഈ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത സൗമ്യ കാന്തി ഘോഷ് പറഞ്ഞു. ദാരിദ്ര്യം കുറയ്ക്കാനും വരുമാനത്തിലെ അസമത്വം കുറയ്ക്കാനും സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്താനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: