മണ്ണാര്‍ക്കാട്: കുടിവെള്ള പദ്ധതിയുണ്ടായിട്ടും കുടിവെള്ള ക്ഷാമം നേരിടുകയാണ് അഗളി പഞ്ചായത്തിലെ ചിറ്റൂര്‍ 13-ാം വാര്‍ഡ് നിവാസികള്‍. 182-ഓളം കുടുംബങ്ങള്‍ക്കായി 2000-2001 വര്‍ഷത്തിലാണ് ജലനിധി അഗ്രസ്ഥാനി പദ്ധതി പ്രകാരം കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഷോളയൂര്‍ പഞ്ചായത്തിലെ മാര്ണാട്ടിയില് സിമന്റ് ടാങ്ക് നിര്‍മിച്ച് അതില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം പൈപ്പിലൂടെയാണ് കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് പലഭാഗത്തും പൈപ്പുകള്‍ പൊട്ടുകയും കുടിവെള്ളം ലക്ഷ്യസ്ഥാനത്ത് എത്താതെയുമായി.
പൈപ്പ് മാറ്റുന്നതിനായി ഒന്നര വര്‍ഷം മുമ്പ് ഇ- ടെണ്ടര്‍ വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്ലോക്കും, പഞ്ചായത്തും സംയുക്തമായി 22 ലക്ഷം വകയിരുത്തി. നാല് ഇഞ്ചിന്റെ എച്ച്ഡി പൈപ്പാണ് ഇട്ടിരുന്നതെങ്കിലും ഗുണനിലവാരം കുറഞ്ഞതാണെന്ന് പറഞ്ഞ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പൈപ്പ് പൊട്ടുന്നത് പതിവായതോടെ നാട്ടുകാരായ സി.സി.മോഹന്‍ദാസ്, ജോര്‍ജ് എന്നിവര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലും പോലീസിലും പരാതി നല്കി. ഇതുമായിബന്ധപ്പെട്ട് പോലീസ് കോണ്‍ട്രാക്ടറെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പാഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് അന്വേഷണം നടത്തി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു ദിവസം മാത്രമാണ് കുടിവെള്ളം ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: