ചാത്തന്നൂര്‍: കൊവിഡ് മഹാമാരിയുടെ പിടിയിലായിരുന്ന കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ മാതൃകയാകുന്നു. മിക്കവാര്‍ഡുകളിലും സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കി. സപ്തംബര്‍ തുടക്കത്തില്‍ പ്രതിദിന രോഗബാധിതര്‍ 79 ആയിരുന്നത്, ഒക്ടോബറില്‍ 34 ആയും നവംബറില്‍ 24 ആയും കുറഞ്ഞു.
ജനങ്ങളോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരും പോലീസും ജാഗ്രതാ സമിതികളും ആശാപ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ വ്യാപനത്തിന്റെ തീവ്രത ശമിപ്പിക്കാന്‍ കഴിഞ്ഞു. സുമനസ്സുകളുടെ കാരുണ്യത്തില്‍ കിട്ടിയ ഓക്സിമീറ്ററുകള്‍ ഫലപ്രദമായി.
സാനിറ്റൈസര്‍, മാസ്ക് തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ സംഘടിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്തു. രോഗബാധിതരുടെ വീടുകളില്‍ മരുന്നുകളും ആവശ്യക്കാര്‍ക്ക് ഭക്ഷണവും കിറ്റുകളും എത്തിക്കാനും സാധിച്ചു.
രോഗവ്യാപനം തീവ്രമായപ്പോള്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ജാഗ്രതാസമിതി പ്രവര്‍ത്തകരുടെയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ കൊവിഡ് ടെസ്റ്റിന് യാത്രാസൗകര്യം ഏര്‍പ്പെടുത്തി. വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി രോഗപ്രതിരോധ കുത്തി വെപ്പു നടത്താന്‍ സംവിധാനം ഒരുക്കി വ്യാപനത്തിന്റെ രൂക്ഷത വലിയ അളവില്‍ കുറയ്ക്കാന്‍ കഴിഞ്ഞു.
സദാ സജ്ജരായി സേവാഭാരതി
സേവാഭാരതിയുടെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് കൂട്ടായ പ്രവര്‍ത്തനം നടത്തിയത് ഫലവത്തായി. അണുവിമുക്തമാക്കാന്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ നടപടി സ്വീകരിച്ചു.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സേവാഭാരതി നേതൃത്വം നല്കി. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാനും അടിയന്തരഘട്ടങ്ങളില്‍ വളരെ വേഗം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ സദാ സജ്ജരായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ സ്വയം മുമ്പോട്ടുവന്ന സേവാഭാരതി പ്രവര്‍ത്തകരോടുള്ള കടപ്പാടും സ്നേഹവും എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.
പ്രതിരോധം ശുചീകരണത്തിലൂടെ
വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍ ശുചീകരണം നടത്തുകയും വീടുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള ശുചീകരണ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. കൂടാതെ, പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകളില്‍ പച്ചക്കറികിറ്റുകള്‍ വിതരണംചെയ്തു. വാക്സിനേഷന് ആവശ്യമായ സഹായം ചെയ്തു കൊണ്ട് കൊവിഡിനെ പിടിച്ചുകെട്ടി വാക്സിനേഷന് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: