തിരുവനന്തപുരം : ഒരു പട്ടികജാതി വിദ്യാർത്ഥിനിക്ക് ഉണ്ടായ അധിക്ഷേപത്തില്‍ കേരളത്തിലെ പട്ടികജാതിയില്‍പ്പെട്ട 14 എംഎൽഎമാരും രണ്ട് എംപിമാരും പുലർത്തുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. ഈ സംഭവത്തിൽ എംഎൽഎമാരും എംപിമാരും ഇടപെടുന്നില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെയാണ് ഗവേഷക മാർഗ്ഗദർശിയെ വഴിവിട്ടു സഹായിച്ചു സംരക്ഷിക്കുന്നത് എന്നാണ് ഗവേഷകയുടെ ആരോപണം. മന്ത്രി പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയാകുമ്പോൾ ആരോപണത്തിന്റെ ഭാരം വർദ്ധിക്കുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
മറ്റു പല കാര്യങ്ങളും അറിയാത്തതുപോലെ മുഖ്യമന്ത്രി ഇക്കാര്യം അറിയണമെന്നില്ല. എന്നാൽ കോളേജ് അദ്ധ്യാപികയായിരുന്ന വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടു നീതി നടപ്പാക്കണം. പട്ടികജാതി/വർഗ പീഡന നിയമം അനുസരിച്ച് ഗവേഷകയെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് നിയമപ്രകാരം ഇത് രമ്യമായി പരിഹരിക്കാൻ കഴിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടാതിരുന്നതുകൊണ്ടാകാം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയം രമ്യമായി പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകലാശാലയുടെ അന്വേഷണത്തിൽ ഗവേഷക മാർഗ്ഗദർശിയുടെ ഭാഗത്ത് വീഴ്ചയില്ല എന്ന് വിശദീകരണമുണ്ടായെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഗവേഷകയ്ക്ക് ഏഴു ദിവസത്തെ നിരാഹാരസമരം നടത്തേണ്ടിവന്നു എന്നതാണ് തന്നെ അമ്പരപ്പിക്കുന്ന കാര്യമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: