പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്ന് കാണാതായ ഇരട്ട സഹോദരികളായ ശ്രേയ, ശ്രേജ എന്നിവരടക്കം നാലു കുട്ടികളെ കണ്ടെത്തി. കുട്ടികളെ കാണാതായി അഞ്ചാം ദിവസമാണ് ഇവരെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. എഎസ്എം സഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇവരെ കഴിഞ്ഞ ബുധനാഴ്ച ( നവംബര്‍ 3) മുതല്‍ കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്സല് മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ നാടുവിട്ടത്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തമിഴ്നാട്ടില്‍ ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കുട്ടികള്‍ ബുധനാഴ്ച വൈകീട്ട് തമിഴ്നാട്ടിലേക്കുള്ള ബസില്‍ കുട്ടികള്‍ കയറിയതായി വ്യക്തമായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ ബസ്റ്റാന്റുകള്‍, ഹോട്ടലുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ തെരച്ചിലാണ് പോലീസ് നടത്തിയത്.
തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര്‍ സ്വകാര്യമായി മൊബൈല്‍ഫോണ്‍ കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: