ചെന്നൈ : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ മരവിപ്പിച്ച സംഭവത്തില്‍ ഇടപെടില്ലെന്ന് തമിഴ്നാട്. വിഷയത്തില്‍ കേരളത്തിന്റെ അഭിപ്രായം മാനിക്കുന്നു. നിയമ നടപടികള്‍ക്കില്ലെന്നും തമിഴ്നാട് മന്ത്രി ദുരൈ മുരുകന് അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മരംമുറി ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കുന്നു. വൈകാരിക വിഷയമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനില്ലെന്നും തമിഴ്നാട് മന്ത്രി അറിയിച്ചു.
അതേസമയം വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത് ഉടന്‍ തന്നെ ഇത് റദ്ദാക്കിയെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. ഇതില്‍ 15 മരങ്ങള്‍ മുറിച്ചു നീക്കാന്‍ ഉദ്യോഗസ്ഥരാണ് അനുമതി നല്‍കിയതെന്നും ശശീന്ദ്രന് അറിയിച്ചു.
എന്നാല്‍ ഈ വാദം തള്ളിയ പ്രതിപക്ഷം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കേരളം ഉത്തരവിറക്കിയിട്ട് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ അങ്ങെന്തിനാണ് മന്ത്രി പദത്തില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എ.കെ. ശശീന്ദ്രനോട് ചോദിച്ചു. വിഷയത്തില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുമ്പോട്ട് പോകാന്‍ സാധിക്കില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം വിവാദ ഉത്തരവില്‍ സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വനം- ജലവിഭവ സെക്രട്ടറിമാരില്‍ നിന്നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദീകരണം തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: