ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ജി.സുധാകരനെതിരെയുള്ള നടപടി പരസ്യ താക്കീതില്‍ ഒതുങ്ങിയെങ്കിലും വിഭാഗീയതയുടെ കനല് ആളിക്കത്താനാണ് സാദ്ധ്യത. മറുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പിണറായി വിജയന്റെ പിന്തുണയാണ് സുധാകരന് തുണയായത്. ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് എങ്ങിനെ സാധിക്കുമെന്ന് കണ്ടറിയണം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയാരോപിച്ച് ആലപ്പുഴയിലെ സിപിഎമ്മില്‍ ഉന്നതനേതാക്കള്‍ക്കെതിരായ അന്വേഷണം കാല്‍നൂറ്റാണ്ടിനിടെ ഇതു മൂന്നാംതവണ. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന മാരാരിക്കുളത്ത് 1996ല്‍ വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയേത്തുടര്‍ന്നുള്ള അന്വേഷണവും നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയുമെല്ലാം പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. പിന്നീട്, സി.എസ്. സുജാതയുടെ തോല്‍വിയുടെ പേരില്‍ ടി.ജെ. ആഞ്ചലോസിനെ സിപിഎം പുറത്താക്കി.
മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയാണു സിപിഎമ്മിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെങ്കില്‍ ഇക്കുറി, അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞെന്ന ആരോപണമാണു രണ്ടംഗ കമ്മിഷനെ നിയോഗിക്കുന്നതിലേക്കു നയിച്ചത് സുധാകരനു പകരം അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിലെ എം. ലിജുവിനെ തോല്‍പ്പിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ സുധാകരനു ലഭിച്ച ഭൂരിപക്ഷം സലാമിന്റെ കാര്യത്തില്‍ പകുതിയായി കുറഞ്ഞതും കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാള്‍ ഏകദേശം 1700 വോട്ട് കുറഞ്ഞതുമാണു പരാതിക്കിടയാക്കിയത്.
തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.
എസ്ഡിപിഐ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. കനല് മൂടിക്കിടക്കുകയും പിന്നെ ഇടവേളകളഇല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്ട്രീയം. 50 വര്‍ഷമായി വിഭാഗീയതയുടെ വാര്‍ത്തകള്‍ക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടിക്ക്. ഏറ്റവും ഒടുവില്‍ ജി. സുധാകരനെതിരായ നടപടികളോടെ ആലപ്പുഴ രാഷ്ട്രീയം ചൂടാകുകയാണ്.
ഗൗരിയമ്മയും, ആഞ്ചലോസും, പുറത്തേക്ക് പോകുമ്പോഴും വിഎസ് തോല്‍ക്കുമ്പോഴും ജി. സുധാകരന് ആലപ്പുഴയില്‍ ശക്തനായ നേതാവായിരുന്നു. ജില്ലയില്‍നിന്നുള്ള ഇപ്പോഴത്തെ മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്നവരാണ്. സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നീങ്ങണമെങ്കില്‍ ആ പ്രതിഛായ തകര്‍ക്കണം. തെരഞ്ഞെടുപ്പിന് മുഴുവന്‍ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം മുഖ്യമായും ഉയര്‍ത്തുന്നതിനു കാരണവും അതാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: