തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്വപ്ന കഴിയുന്ന ആട്ടക്കുളങ്ങരെ ജയിലില്‍ ജാമ്യരേഖകള്‍ ഇന്ന് എത്തിച്ചു നല്‍കുന്നതോടെ പുറത്തിറങ്ങാം.
എന്‍ഐഎ കേസില്‍ കഴിഞ്ഞ ദിവസം സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിലേക്ക് വഴിവെച്ചിരിക്കുന്നത്. ഇത് കൂടാതെ അഞ്ച് കേസുകളില്‍ മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കോടതി മുന്നോട്ടുവെച്ച ഉപാധികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വപ്ന ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്ക് നേരെയുള്ള കുറ്റങ്ങള്‍. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവെയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് പൂര്‍ത്തിയാക്കാനാണ് സമയം എടുത്തത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് ജയില്‍ മോചിതനായിരുന്നു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു മോചനം. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തിലും എന്‍ഐഎ കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ കേസില്‍ ഇപ്പോള്‍ മാപ്പുസാക്ഷിയാണ് സന്ദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: