കോട്ടയം: എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ സത്യഗ്രഹം നടത്തുന്ന ഗവേഷണ വിദ്യാര്‍ഥിനി ദീപാ മോഹന്റെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന നീക്കം ഫലം കണ്ടില്ല.
ഒക്ടോബര്‍ 29 മുതല്‍ സര്‍വകലാശാല കാമ്പസിനു മുന്നില്‍ സമരത്തിലുള്ള ദീപയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തനിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ദീപാ മോഹന്‍ സമരം നടത്തുന്നത്.
ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ച കമ്മീഷന് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി ഒന്നിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഡോ. നന്ദകുമാറിനെ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഡോ. നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ കേസ് കോടതി തള്ളി. ഇത് പരിഗണിക്കാതെ യാതൊരു ബന്ധവുമില്ലാത്ത ഒരു കേസിലെ വിധി നടപ്പാക്കുന്നുവെന്ന വ്യാജേനയാണ് 2017 ജൂലൈ ഏഴിന് ചേര്‍ന്ന സിന്‍ഡക്കേറ്റ് യോഗം നന്ദകുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഈ നിയമ വിരുദ്ധ നടപടി തിരുത്തി ഡോ. നന്ദകുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ സര്‍വകലാശാല തയാറാകണമെന്നാണ് ദീപാ മോഹന്‍ ആവശ്യപ്പെടുന്നത്.
ദീപയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എട്ടിന് രാവിലെ സമരപ്പന്തലില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത സിപിഎം പക്ഷക്കാരനായ ഡോ. നന്ദകുമാറിനെ കൈയൊഴിയാന്‍ പാര്‍ട്ടി തയാറല്ലാത്തതാണ് ദീപയുടെ സമരം പരിഹാരമില്ലാതെ നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: