കേരളത്തിലെ അഭിമാനാര്‍ഹമായ മാധ്യമം എന്നവകാശപ്പെടുന്ന പത്രം ഈയടുത്ത ദിവസം ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ നടത്തിയ പരാമര്‍ശം നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. അതിങ്ങനെ:’കെഎസ്ആര്‍ടിസി ബസ്സുകളില്‍ ചായക്കട, മാവേലി സ്റ്റോര്‍..’ ‘വിശ്വസിച്ച് കൈ കാണിക്കാന്‍ വയ്യ’. മുകളിലത്തെ വാര്‍ത്തയ്ക്ക് പത്രത്തിന്റെ കമന്റാണ് താഴെ എന്ന് കാര്‍ട്ടൂണ്‍ കാണുന്ന ആര്‍ക്കും മനസ്സിലാവും. രാവിലത്തെ ചായയ്ക്കൊപ്പമുള്ള പത്ര സംസ്കാരത്തിലൂടെ മലയാളിയെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ‘ഫോര്‍ത്ത് എസ്റ്റേറ്റ് ‘ കുടുംബാംഗം, സംസ്ഥാനത്തെ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനത്തെ ഇങ്ങനെ അപമാനിക്കാന്‍ എന്താവും കാരണം? ഇനി അതല്ല,കേരളത്തിലെ ജനങ്ങള്‍ക്കായി നീളുന്ന സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും ആ അമ്മക്കൈകളെ തല്ലി നോവിക്കാന്‍ സ്വയം ക്വട്ടേഷന്‍ എടുത്തതാണോ?
കാണാന്‍ തുടങ്ങിയതു മുതല്‍ ആനവണ്ടിയെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന കെഎസ്ആര്‍ടിസിയുടെ നില അനുദിനം പരുങ്ങലിലാണ്. അതിന്റെ ഉത്തരവാദിത്തം ആ കോര്‍പറേഷനു മാത്രമാണോ? സോഷ്യല്‍ കമിറ്റ്മെന്റ് എന്ന അതിഗൗരവതരമായ പ്രവര്‍ത്തന പദ്ധതിയുമായി മുന്നേറുന്ന കെഎസ്ആര്‍ടിസിയെ യുക്തമായി പരിപാലിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിന്റെ പരിണിത ഫലമല്ലേ ഈ ദു:സ്ഥിതി? കുറ്റം മുഴുവന്‍ കോര്‍പറേഷനും നേട്ടം മാത്രം സര്‍ക്കാരിനും എന്ന നിലയല്ലേ ഉള്ളത്?
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ പൊതുരംഗം ഊര്‍ജ്ജസ്വലവും ക്രിയാത്മകവും ചലനാത്മകവുമാകും എന്ന കാഴ്ചപ്പാടോടെ രാജകുടുംബം വിഭാവനം ചെയ്തതാണ് കെഎസ്ആര്‍ടിസിയുടെ ആദ്യരൂപം. സംഗതിവശാല്‍ അതിലെ ആനച്ചിഹ്നം പോലെയാണ് അവസ്ഥ. എത്ര ശക്തനായാലും അതിന്റെ ആയിരത്തിലൊന്ന് കഴിവില്ലാത്ത പാപ്പാന് നിയന്ത്രിക്കുന്നു!
സത്യത്തില്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമായി മാറ്റുകയാണ് വേണ്ടത്.എങ്കിലേ കാര്യക്ഷമവും സുഗമവുമായ വഴിയിലൂടെ നീങ്ങൂ. സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തം മുഴുവന്‍ കെഎസ്ആര്‍ടിസി നോക്കുമ്പോള്‍ അതിനുവരുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അതിന് സ്ഥാപനം തന്നെ വഴി കണ്ടെത്തണം. മാധ്യമപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, ദിവ്യാംഗര്‍, നിലവിലുള്ളതും മുമ്പുള്ളതുമായ എംഎല്‍എ – എംപിമാര്‍ തുടങ്ങി പലര്‍ക്കും അനുവദിക്കുന്ന പാസുകള്‍ വഴി വരുന്ന നഷ്ടത്തിന്റെ നാലിലൊന്നു പോലും വകവച്ചു കൊടുക്കുന്നില്ല. ഇടയ്ക്കിടെ ശമ്പളത്തിനായി ഇത്ര കൊടുത്തു, അത്ര കൊടുത്തു എന്ന അവകാശ വാദങ്ങള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിക്കാറുണ്ട്. ഉള്ളുകള്ളികള്‍ ആരും അറിയുന്നില്ല എന്നതത്രേ വസ്തുത.
തൊട്ടതിനും പിടിച്ചതിനും ആനവണ്ടിയെ കുറ്റം പറയുന്നവരും സമരങ്ങളില്‍ അത് എറിഞ്ഞു തകര്‍ക്കുന്നവരും ഒരുകാര്യം മറന്നുപോവുകയാണ്. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉള്ളതിനാലാണ് സ്വകാര്യബസ്സുകാര്‍ അത്യാവശ്യം മാന്യമായി പെരുമാറുന്നത്. അല്ലായിരുന്നെങ്കിലത്തെ സ്ഥിതി ഭീകരമായേനേ.
ഇടയ്ക്കിടെ ഇത്രയിത്ര ബസ്സുകള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കുന്നുവെന്ന പ്രചാരണത്തില്‍പ്പെട്ട് സര്‍ക്കാരിന് അഭിനന്ദനം വാരിച്ചൊരിയുന്നവര്‍ കാണാതെപോവുന്ന ഒരു കാര്യമുണ്ട്. അതെല്ലാം സ്ഥാപനം കടമെടുത്തു വാങ്ങുന്നതാണ്! കോടികളുടെ ബാധ്യതയുടെ പേരില്‍ സ്ഥാപനത്തിനു നേരെ കല്ലെറിയുമ്പൊഴും ആരെങ്കിലും കെഎസ്ആര്‍ടിസിക്ക് ജനങ്ങളോടുള്ള കടപ്പാട് ഓര്‍ക്കാറുണ്ടോ? നേരത്തെ സര്‍ക്കാര്‍ സ്ഥാപനമായിരുന്ന കെഎസ്ആര്‍ടിസിയെ ഇന്നത്തെ നിലയിലേക്കെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി വരുതിയിലാക്കിയ ഇടതു യൂണിയന് എവിടേക്കാണതിനെ നയിച്ചു കൊണ്ടിരിക്കുന്നത്? ഹരിയാന മാതൃകയില്‍ സര്‍ക്കാര്‍ സംവിധാനമാക്കുകയും ജനങ്ങളുടെ ആഗ്രഹത്തിനും അഭിലാഷത്തിനും അനുസരിച്ച് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതിനു പകരം ശപിക്കപ്പെട്ടതായി മാറ്റുന്നതെന്തിന്? നഷ്ടത്തിന്റെ കണക്കില്‍ പി
ടിച്ചു കയറുന്ന സര്‍ക്കാര്‍ അറിയണം കടം വാങ്ങിയതിന്റെ പലിശയാണതെന്ന് ! വലതു സര്‍ക്കാരിന്റെ കാലത്ത് 38 ഓളം ഡിപ്പോകള്‍ പണയംവച്ചാണ് നാലു കൂറ്റന്‍ ഡിപ്പോകള്‍ ഉണ്ടാക്കിയതെന്ന കാര്യം പലരും മറക്കുന്നു. അതേ സര്‍ക്കാരാണ് ഒന്നു മുതല്‍ 12 -ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഫലമോ? സ്ഥിരം യാത്രക്കാരടക്കം സ്വകാര്യ ബസ്സുകളിലേക്ക് പോയി. നഷ്ടം കെഎസ്ആര്‍ടിസിക്കും നേട്ടം സ്വകാര്യമേഖലയ്ക്കും!
പൊതുആരോഗ്യം, പൊതുവിദ്യാഭ്യാസം,പൊതുഗതാഗതം എന്നിവ ലാഭേച്ഛ മാത്രം നോക്കിയല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ പരിപാലിക്കേണ്ടത്. സമൂഹത്തോടുള്ള കടപ്പാട് മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുകയും സ്വകാര്യ മുതലാളിമാര്‍ക്ക് ജെസിബി മാതൃകയില്‍ വാരിക്കൂട്ടാന്‍ അവസരമൊരുക്കുകയും ചെയ്യുമ്പോള്‍ ഒരു നാടിന്റെ ആത്മാവാണ് നശിക്കുന്നത്. തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമായി ആനവണ്ടി ജനങ്ങളെ തണലിലേക്ക് നീക്കി നിര്‍ത്തുമ്പോള്‍ അറിയണം അവിടെ ശമ്പള പരിഷ്കരണം നടന്നിട്ട് വര്‍ഷം പത്തു കഴിഞ്ഞെന്ന്! നഷ്ടങ്ങളുടെ കൂമ്പാരമുള്ള വൈദ്യുതി ബോര്‍ഡില്‍ പോലും 2021 ല്‍ ശമ്പള പരിഷ്കരണം നടന്നു. ഒരു കിലോ അരിയ്ക്ക്15 രൂപയുള്ളപ്പോള്‍ തൊഴിലാളിയ്ക്ക് അടിസ്ഥാന ശമ്പളം330 രൂപയായിരുന്നു; ഇന്നും അതുതന്നെ!സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്താത്ത ഒരേയൊരു സ്ഥാപനമാണിതെന്നു പറയേണ്ടിവരും. സംസ്ഥാനം മുടക്കുന്ന നിക്ഷേപത്തിന്റെ ആനുപാതിക ശതമാനം കേന്ദ്രം മുടക്കുന്ന സ്ഥിതിയും അതോടെ ഇല്ലാതായി. ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള കെഎസ്ആര്‍ടിസിയെപ്പറ്റി നല്ലതു പറയാന്‍ നാവുകളില്ലാതായതിന്റെ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്. പിന്നെ, തുടക്കത്തില്‍ സൂചിപ്പിച്ച മാധ്യമത്തെ പോലുള്ളവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുസ്വത്തായതിനാല്‍ അത് തളരാതെ നോക്കേണ്ട ചുമതലയും പൊതുജനത്തിനുണ്ട്. പ്രത്യേകിച്ച് ജനാധിപത്യക്കൂടാരം താങ്ങിനിര്‍ത്തുന്നു എന്നവകാശപ്പെടുന്ന നാലാം തൂണുകള്‍ക്ക്. അത്തരക്കാര്‍ പൊതുമേഖലയെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ നേട്ടം ആര്‍ക്കെന്നു കൂടി ചിന്തിക്കണം. അതിനാല്‍ വിശ്വസിക്കാന്‍ കൊള്ളുന്നതേ പൊതുമേഖലയിലുള്ളൂ എന്നതിനാവണം പ്രാമുഖ്യം.’പിടിവിട്ടു പോകുമ്പോഴുമീ ഞാന്‍/കരുതലില്‍ പിടിക്കും നിന് കരങ്ങള്‍’ എന്ന് ആ ആനവണ്ടി മന്ത്രിക്കുന്നത് കേള്‍ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: