മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എന്‍സിബിയുടെ മുംബൈ യൂണിറ്റില്‍ നിന്നും അദ്ദേഹത്തെ എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഇനി മുതൽ സീനിയര്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുക. ദല്‍ഹി എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി സംഘം ദല്‍ഹിയില്‍ നിന്നും ശനിയാഴ്ച മുംബൈയിലെത്തും.
വെള്ളിയാഴ്ച രാവിലെ ഷാരൂഖ് ഖാന്റെ മാനേജരും ലഹരിമരുന്ന് കേസിലെ സാക്ഷിയായ കിരൺ ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയതെന്ന് പറയപ്പെടുന്നു. എന്തായാലും ഈ കേസ് ബിജെപിയും മഹാവികാസ് അഘാദി സര്‍ക്കാരും (എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം) തമ്മില്‍ മഹാരാഷ്ട്രയില്‍ തുറന്ന രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് തല്ക്കാലം വിവാദം ഇല്ലാതാക്കാന്‍ സമീര്‍ വാങ്കഡെയെ നീക്കി നിര്‍ത്തിയതെന്ന് അറിയുന്നു.. എന്‍സിപി നേതാവും മഹാരാഷ്ടമന്ത്രിയുമായ നവാബ് മാലിക്ക് നിരന്തരം സമീര്‍ വാങ്കഡെയ്ക്കും കുടുംബത്തിനും എതിരെ ചെളിവാരിയെറിയാന്‍ തുടങ്ങിയതോടെ ബിജെപി നേതാവും മഹാരാഷ്ട്രമുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വരെ എതിര്‍ത്ത് രംഗത്തെത്തി. രാഷ്ട്രീയ യുദ്ധം വലിയൊരു കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പുഫോര്‍മുലയായി സമീര്‍ വാങ്കഡെയുടെ സ്ഥലം മാറ്റമെന്ന് സൂചനകളുണ്ട്.
സമീര്‍ വാങ്കഡെയ്ക്കെതിരെ നവാബ് മാലികും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയി്ച്ചെങ്കിലും കഴിഞ്ഞയാഴ്ച എന്‍സിബി സമീര്‍ വാങ്കഡെയെ പിന്തുണയ്ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. സത്യസന്ധതയുള്ള ഓഫീസര്‍, യാതൊരു കളങ്കവുമേശാത്ത സര്‍വ്വീസ് കാലത്തെ റെക്കോഡ് എന്നിവ എടുത്തുപറഞ്ഞാണ് എന്‍സിബി വാങ്കഡെയെ പിന്തുണച്ചിരുന്നത്. അതേ സമയം എന്‍സിബിയുടെ അഞ്ചംഗ സംഘം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ കഴിഞ്ഞയാഴ്ച എത്തി അന്വേഷണം നടത്തിയിരുന്നു. സമീര്‍ വാങ്കഡെയ്ക്ക് ഷാരൂഖ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി പൂജ ദഡ്ലാനിയില്‍ നിന്നും എട്ട് കോടി കൈക്കൂലി നല്‍കുമെന്ന് പറഞ്ഞ് കേട്ടതായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപണമുന്നയിച്ചപ്പോഴും എന്‍സിബി സംഘം സമീര്‍ വാങ്കഡെയെ പിന്തുണച്ചിരുന്നു. സമീര്‍ വാങ്കഡെയ്ക്കെതിരായ ആരോപണം എന്‍സിബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കുറ്റക്കാരനല്ലെന്നും എന്‍സിബി പ്രസ്താവിച്ചിരുന്നു. തന്നെ ആരോ ബോധപൂര്‍വ്വം കുടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുവെന്നാരോപിച്ച് വാങ്കഡെ മുംബൈ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
“ഞാന്‍ എവിടെ നിന്നും മാറ്റപ്പെട്ടിട്ടില്ല. കേസ് ഇവിടെ നിന്നും മാറ്റണമെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചെന്ന് മാത്രം,”- ഇതാണ് പുതിയ എന്‍സിബി തീരുമാനത്തെക്കുറിച്ചുള്ള സമീര്‍ വാങ്കഡെയുടെ പ്രതികരണം. ‘എന്നെ അന്വേഷണത്തില്‍ നിന്നും മാറ്റിയിട്ടില്ല. സിബി ഐയോ എന്‍ ഐഎയോ പോലുള്ള കേന്ദ്ര ഏജന്‍സിയെ അന്വേഷണച്ചുമതല ഏല്പിക്കണമെന്ന് ഞാന്‍ മുംബൈ ഹോക്കോടതിയില്‍ റിട്ട് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്,’- പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സമീര്‍വാങ്കഡെ പറഞ്ഞു.
മഹാരാഷ്ട്ര മന്ത്രിയായ നവാബ് മാലിക്കില്‍ നിന്നും ശക്തമായ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാങ്കഡെയെ എൻസിബി ഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ നടന്ന ചർച്ചകളുടെ ഭാഗമായാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് റിപ്പോർട്ടുകളുണ്ട്. കോഴ ആരോപണത്തിന് പുറമേ വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ആരോപണവും അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: