ഹൂസ്റ്റണ്‍: അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാമെന്ന തീരുമാനം അംഗീകരിച്ചതോടെ ഹൂസ്റ്റണില്‍ കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും ഒമ്പത് വയസുള്ള സഹോദരനും ആദ്യമായി കൊവിഡ് വാക്സിന് ലഭിച്ചു. നവംബര്‍ മൂന്നിനാണ് വാക്സിന് വിതരണം ആരംഭിച്ചത്.
കൗമാരപ്രായക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും നല്കുന്ന വാക്സിന്റെ മൂന്നിലൊരു ഭാഗമാണ് അഞ്ച് വയസുള്ള പാക്സ്റ്റണും, സഹോദരന് പാട്രിക്കിനും നല്‍കിയത്. 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങിയത് ടെക്സസിലെ ഹൂസ്റ്റണിലാണ്. മാതാപിതാക്കളുമായി ആശുപത്രിയിലെത്തിയ രണ്ടു കുട്ടികളേയും ആശുപത്രി ജീവനക്കാര്‍ വാക്സിന് നല്‍കിയശേഷം കൈനിറയെ സമ്മാനങ്ങളുമായാണ് തിരിച്ചയച്ചത്.
ഫൈസര്‍ കൊവിഡ് വാക്സിനാണ് ഇരുവര്‍ക്കും ലഭിച്ചത്. കഴിഞ്ഞ ആഴ്ച വാക്സിന് നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചതോടെ ഏഴായിരത്തിലധികം പേരാണ് തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന് നല്കുന്നതിനു രജിസ്റ്റര്‍ ചെയ്തത്. മൂന്നാഴ്ച വ്യത്യാസത്തില്‍ രണ്ടു ഡോസ് വാക്സിന് നല്‍കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ടെക്സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള അനുമതി കഴിഞ്ഞ വെള്ളിയാഴ്ച നല്‍കിയിരുന്നുവെങ്കിലും ഇന്നലെയാണ് സിഡിസിയുടെ അംഗീകാരം ലഭിച്ചത്. മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയിലും ഇന്നു മുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിതുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: