ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി ആരതിയും പൂജയും നടത്തി. രാവിലെ എട്ടു മണിയോടെയാണ് പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയത്. പുനര്‍നിര്‍മ്മിച്ച ആദിശങ്കര സമാധിപീഠം ഉദ്ഘാടനം ചെയ്യാനും ക്ഷേത്ര ദര്‍ശനത്തിനുമായാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം അദ്ദേഹം പുനര്‍നിര്‍മ്മിച്ച ആദിശങ്കര പ്രതിമ അനാച്ഛാദനം ചെയ്തു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോള്‍ വീണ്ടും പുനര്‍നിര്‍മിച്ചിരിക്കുന്നത്.
ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്ര അഭിഷേകത്തിലും അദ്ദേഹം പങ്കെടുക്കും. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേദാര്‍നാഥിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് കാലടി ശ്രീശങ്കര ക്ഷേത്രത്തിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജി.കിഷന് റെഡ്ഡി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: