ന്യൂദല്‍ഹി: വാക്സിന് എടുക്കാത്തവരുടെ വീടുകള്‍ തേടി ചെല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാ വീടുകളിലും വാക്സിന് എത്തിക്കുക എന്നതാണ്.ഒരു ഡോസ് വാക്സിന് പോലും ലഭിക്കാത്ത രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരണം ഇതിനായി എന്‍സിസിയുടേയും എന്‍എസ്എസ് വൊളണ്ടിയര്‍മാരുടേയും സേവനങ്ങളും സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന് നല്‍കുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തില്‍ വ്യക്തമാക്കി.
100 കോടി വാക്സിനേഷന് രാജ്യം പിന്നിട്ടെങ്കിലും വാക്സിനില്‍ രാജ്യം ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷന് കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്.
12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിന് താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന് നല്‍കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച എല്ലാവരും രണ്ടാമത്തെ ഡോസ് എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആദ്യ ഡോസ് എടുത്തതിന് ശേഷം അലംഭാവം കാണിച്ചാല്‍ വീണ്ടും ഒരു ദുരന്തത്തിലേക്ക് പോയേക്കാമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. രോഗങ്ങളേയും ശത്രുക്കളേയും ഒരിക്കലും വില കുറച്ച് കാണരുതെന്നാണ് പറയാറുള്ളത്. കാരണം അവര്‍ അവസാനം വരെ പോരാടിക്കൊണ്ടിരിക്കും.
അതുകൊണ്ട് കോവിഡിനെതിരായ പോരാട്ടത്തില്‍ ചെറിയ അലംഭാവം പോലും വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ഓരോരുത്തരുടേയും കഠിനാധ്വാനം കാരണമാണ് ഇതുവരെയുള്ള പുരോഗതി നമ്മള് കൈവരിച്ചത്. ഭരണകൂടത്തിലെ ഓരോ അംഗവും, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ധാരാളം പ്രയത്നിച്ചു. മൈലുകളോളം നടന്നാണ് വിദൂര സ്ഥലങ്ങളില്‍ അവര്‍ വാക്സിനേഷന് എത്തിച്ചത്. ഒരു കോടി എന്ന നേട്ടം കൈവരിച്ചതിന് ശേഷം നിങ്ങള്‍ ഈ യജ്ഞത്തില്‍ നിന്ന് പിന്നോട്ട് പോയാല്‍ അത് വലിയ തിരിച്ചടിയായി മാറും.
100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ്. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി നൂതനമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. നിങ്ങളുടെ മേഖലകളില്‍ വാക്സിനേഷന് വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും ഏര്‍പ്പെടണം. മാസങ്ങളുടെ അനുഭവത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ നമ്മള് പഠിച്ചു കഴിഞ്ഞു. ആശാ പ്രവര്‍ത്തകരും ഈ ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പഠിച്ചു കഴിഞ്ഞു. ആഘോഷകാലം വരികയാണ് അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: