തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും സിനിമാ തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹത്തിന് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നേരത്തെ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമായിരുന്നു തീയേറ്ററുകളില്‍ പ്രവേശന അനുമതി. വിവിധ ചലച്ചിത്ര സംഘടനകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തിൽ ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളിൽ സന്ദർശിച്ച് അതതു ഘട്ടങ്ങളിൽ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്കൂളിൽ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം.
അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതി. ടെക്നിക്കൽ ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ജനറൽ വർക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ്സ് നൽകുന്നതിനും സ്കൂളുകളിൽ പ്രവേശിപ്പിക്കും. 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.ക്യൂ.എഫ്. സ്കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസ്സുകൾ നടത്തുന്നതിനും അനുവാദം നൽകും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കൽ ക്ലാസ്സുകൾ ആരംഭിക്കാവുന്നതാണ്.
കൊവിഡേതര വൈറസുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി ഉണ്ടാക്കുന്ന അതിശയോക്തി കലർന്ന റിപ്പോർട്ടുകൾ രക്ഷിതാക്കൾ കണക്കിലെടുക്കരുത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായ വിതരണം ഓൺലൈനായി ശനിയാഴ്ചയോടെ നിലവിൽ വരും. ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: