തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശചെയ്തു. ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് പള്ളികൾ വിട്ടുനൽകണമെന്നും, ന്യൂനപക്ഷം മറ്റു പള്ളികളിലേക്ക് മാറണമെന്നുമുള്ള നിർദ്ദേശം ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതി സർക്കാരിന് കൈമാറി.
സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽനിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ലെന്നും ശുപാർശയിൽ പറയുന്നു. പള്ളികൾക്ക് പ്രായപൂർത്തിയായവരെ ഹിതപരിശോധനയിൽ പങ്കെടുപ്പിച്ച് അധികാരം തീരുമാനിക്കണം. ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികൾ കൈമാറണമെന്നാണ് നിർദ്ദേശം. ഭൂരിപക്ഷം തിട്ടപ്പെടുത്താൻ ഹിതപരിശോധന നടത്താൻ അതോറിറ്റി വേണം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോനിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷൻ.
സർക്കാരാണ് അതോറിറ്റി രൂപവത്കരിക്കേണ്ടത്. അധ്യക്ഷനുപുറമേ ഇരുവിഭാഗവും നാമനിർദേശം ചെയ്യുന്ന രണ്ട് പ്രതിനിധികളും ഉണ്ടാകണം. വിഭാഗങ്ങൾ പ്രതിനിധികളെ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനിച്ചില്ലെങ്കിൽ സർക്കാരിന് നിയമിക്കാം. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാർശയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം ആ ഇടവകയിലെ ആർക്കും ഭൂരിപക്ഷം ആർക്കെന്ന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം നിവേദനം നൽകാം. ശുപാർശ നടപ്പായാൽ പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും. സർക്കാർ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ശുപർശയെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ദ കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചർച്ച് ബിൽ 2020’ എന്നാണ് ബില്ലിന്റെ പേര്.
ശുപാർശ കഴിഞ്ഞദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻനായർ നിയമമന്ത്രി പി. രാജീവിന് സമർപ്പിച്ചു. നിയമനിർമാണം നടത്തണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. 1934-ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഈ ഭരണഘടന ഒരു രജിസ്ട്രേഡ് രേഖയല്ലാത്തിനാൽ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തിൽ ആസ്തിബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. ഭരണപരമായ സൗകര്യത്തിനാണ് ഭരണഘടനയെ അടിസ്ഥാനമാക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമാണത്തിലൂടെയേ പരിഹാരമാവൂവെന്നും നിരീക്ഷിച്ചിട്ടുണ്ട്.
ഡോ. എൻ.കെ. ജയകുമാർ, ലിസമ്മ ജോർജ്, കെ. ജോർജ് ഉമ്മൻ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: