ആലപ്പുഴ: എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി. ശ്രേയാംസ്കുമാര്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇരുവിഭാഗം നേതാക്കള്‍ തമ്മിലടിച്ചു. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നി ലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ യോഗത്തില്‍ നേരിട്ട് പങ്കെടുത്തതെങ്കിലും യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാലുമാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് ടെന്‍സണ്‍ യോഗത്തില്‍ പ്രവേശിച്ചതാണ് പോര്‍വിളിയിലും കയ്യാങ്കളിയിലും കലാശിച്ചത്. പുറത്താക്കിയ ആളെ പ്രവേശിപ്പിച്ചതിനെ ശ്രേയാംസ്കുമാര്‍ വിരുദ്ധ പക്ഷം ചോദ്യം ചെയ്തു. അന്തരിച്ച മുന്‍ ജില്ലാ പ്രസിഡന്റിന്റെ അനുസ്മരണയോഗത്തിന് ശേഷം പുറത്തിറങ്ങാമെന്ന ടെന്‍സന്റെ ആവശ്യം പ്രസിഡന്റ് അംഗീകരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇയാളെ പ്രവേശിപ്പിച്ചതിനെതിരെ പലരും രംഗത്ത് വന്നതോടെ ഇറങ്ങി പോകാന്‍ ശ്രേയാംസ്കുമാര്‍ ആവശ്യപ്പെടുകയായിരുന്നു.
എംഎല്‍എ ഉണ്ടായിട്ടും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയതിനെച്ചൊല്ലി സംസ്ഥാനത്തെ എല്‍ജെഡിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് ആലപ്പുഴയിലെ തമ്മിലടി. ശ്രേയാംസ്കുമാറിനെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍ക്കുന്ന വിഭാഗവും എന്ന നിലയില്‍ എല്‍ജെഡിയുടെ ജില്ലാ കമ്മറ്റികള്‍ രണ്ടു നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രേയാംസിനോട് ഇടഞ്ഞു നില്ക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക് പി. ഹാരീസിനെ അനുകൂലിക്കുന്നവര്‍ക്കാണ് ആലപ്പുഴയില്‍ മേധാവിത്തം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും മന്ത്രിസഭയില്‍ എല്‍ജെഡിക്ക് പ്രാതിനിധ്യം ലഭിക്കാതിരുന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഷേക് പി.ഹാരീസ് ഉള്‍പ്പടെയുള്ളവരെ എതിര് ചേരിയിലാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ രാജ്യസഭാ സീറ്റ് നേടി തന്റെ സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ മറ്റ് നേതാക്കള്‍ ഗതികിട്ടാതെ വലയുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: