കൊല്ലം: കൊല്ലം ഡിസിസി ഓഫിസിനു സമീപത്തും നിന്നും ആരംഭിച്ച് ബെന്സിനഗര് ആശുപത്രിക്ക് സമീപം അവസാനിക്കുന്ന അരക്കിലോമീറ്റര്‍ ദൂരമുള്ള കന്റോണ്‍മെന്റ് റോഡിലൂടെ പോയാല്‍ യാത്രക്കാരുടെ നടുവൊടിയും. കാല്‍നട പോലും ദുസ്സഹമായി പൊട്ടിപൊളിഞ്ഞു കിടക്കുകയാണ് ഈ റോഡ്.
മഴ പെയ്തതോടെ കുഴികള്‍ മുഴുവന്‍ വെള്ളകെട്ടായി പൂര്‍ണമായും തകര്‍ന്നു. കോര്പ്പറേഷന് മേയര്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനിലെ കൊല്ലം ടൗണിലെ പ്രധാന ബൈപ്പാസ് റോഡുകൂടിയാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ദേശിയപാതയില്‍ നിന്നും തുടങ്ങി റെയില്‍വേ മേല്‍പ്പാലം വഴി പോകുന്ന കൊച്ചുപിലാംമൂട് റോഡില്‍ നിന്നും ബീച്ച് റോഡിലേക്കും അതു വഴി കൊല്ലം കമ്പോളത്തിലേക്കും ബെന്സിനഗര് ആശുപത്രിയിലേക്കും നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ചിന്നകടയിലെ ട്രാഫിക്കില്‍ പെടാതെ കൊല്ലം കമ്പോളത്തില്‍ എത്തുന്നതിനും ഇരവിപുരം മേഖലയില്‍ നിന്നുള്ളവര്‍ക്ക് കൊല്ലം ടൗണില്‍ എത്താനും ഈ റോഡിലൂടെ സാധിക്കും. സര്‍ക്കാര്‍ ടിടിഐ, തിരഞ്ഞെടുപ്പ് കമ്മീഷന് കാര്യാലയം, സംസ്കൃത സ്കൂള്‍ എന്നിവയും ഈ റോഡിന്റെ വശത്താണ് സ്ഥിതി ചെയ്യുന്നത്. റോഡ് പുനര്‍നിര്‍മാണം നടത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ആറു വര്ഷത്തിലധിമായി തകര്‍ന്ന് കിടക്കുകയാണ്. ജയിച്ചാല്‍ ആറു മാസത്തിനകം റോഡ് പുനര്‍നിര്‍മിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം മേയര്‍ എത്രയും വേഗം പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: