ത്രിശൂർ : ജില്ലയില്‍ പലയിടങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പാടശേഖരങ്ങള്‍, ഒഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. കഞ്ചാവ് മൊത്തമായി രഹസ്യ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ച ശേഷം 300 മുതല്‍ 450 ഗ്രാം വരെയുള്ള പൊതികളാക്കിയാണ് കഞ്ചാവ് മാഫിയകളുടെ വില്‍പന രീതിയെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
മുന്തിയ ഇനം സിഗരറ്റുകളില്‍ കഞ്ചാവ് തിരുകി ആവശ്യക്കാര്‍ക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയില്‍ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ് പതിവ്.
കഞ്ചാവ് കേസില്‍ ഒരിക്കല്‍ പിടിയിലാകുന്നവര്‍ പുറത്തിറങ്ങിയാലും വില്പന തുടരുന്നതായാണ് വിവരം. ഒരു കിലോയ്‌ക്ക് താഴെയുള്ള കഞ്ചാവ് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് സ്റ്റേഷനില്‍ നിന്ന് തന്നെ കയ്യോടെ ജാമ്യത്തിലിറങ്ങാം. കേസെടുത്താല്‍ ആദ്യം അറസ്റ്റ്, ദേഹപരിശോധന, വീട്ടുകാരെ അറിയിക്കല്‍, വക്കീലുണ്ടെങ്കില്‍ അദേഹത്തെ അറിയിക്കാം തുടങ്ങിയ ചെറിയ ചടങ്ങുകള്‍ മാത്രമാണ് ഉള്ളത്. ജാമ്യമെടുത്ത ശേഷം കേസ് കോടതിയിലെത്തുമ്പോള്‍ 500 രൂപ മുതല്‍ ചെറിയ സംഖ്യയില്‍ പിഴ ഒടുക്കി തലയൂരാമെന്നതാണ് കഞ്ചാവ് സംഘങ്ങളെ വളര്‍ത്തുന്നതെന്ന ആക്ഷേപമുണ്ട്.
ചില കേസുകളില്‍ പ്രതികള്‍ക്ക് പിഴ 10000 വരെയും, കോടതി പിരിയുന്ന വരെ തടവ് ശിക്ഷയും ലഭിക്കാറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 21 വയസില്‍ താഴെയുള്ള കുട്ടികളെ കഞ്ചാവ് കേസില്‍ പിടികൂടിയാല്‍ ജാമ്യം നല്കി വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചാലക്കുടിയിലെ ഡി അഡിക്ഷന്‍ സെന്ററിലാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നതില്‍ എക്‌സൈസ് സംഘങ്ങള്‍ സജീവമാണെങ്കിലും പരിശോധന നടപടികളില്‍ നിര്‍ജീവമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: