കൊച്ചി : ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ കോണ്‍ഗ്രസ് സമരത്തില്‍ പ്രതിഷേധിച്ചതില്‍ നടന് ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്തവരെ പോലീസ് തിരിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. വാഹനം തകര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ഇന്ധന വില വര്‍ധനവില്‍ കഴിഞ്ഞ ദിവസം വെറ്റില മുതല്‍ ഇടപ്പള്ളിവരെ 1500 ഓളം വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസ്സിന്റെ സമരം. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ജോജു ജോര്‍ജും നാട്ടുകാരും ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുകയും ഇത് വാക്കേറ്റത്തിലേക്ക് എത്തുകയും ചെയ്തു. ഇതോടെ ക്ഷുഭിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്. ജോജുവിന്റെ കൈയ്യിനും പരിക്കേറ്റിട്ടുണ്ട്.
സംഭവം വിവാദമായതോടെ റോഡ് ഉപരോധ സമരത്തിന് കോണ്‍ഗ്രസ്സിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുന്‍ മേയര്‍ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടന് ജോജു ജോര്ജ്ജില് നിന്ന് കൂടുതല്‍ മൊഴിയെടുക്കും. ഇതിനായി ഇദ്ദേഹത്തെ പോലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആരൊക്കെയാണ് നടനെ ആക്രമിച്ചതെന്ന് കണ്ടെത്താനാണിത്.
അതേസമയം ജോജു അധിക്ഷേപിച്ചെന്നാരോപിച്ച് മരട് പോലീസ് സ്റ്റേഷനില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയില്‍ പോലീസ് നടപടിയെടുത്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പോലീസ് നിലപാട്. ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗത്തിന് ശേഷം തുടര്‍ നടപടികളില്‍ കോണ്‍ഗ്രസ് തീരുമാനമുണ്ടാകും.
ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. എന്നാല്‍ പോലീസിനൊപ്പം പോയ ജോജു ജോര്‍ജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: