തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനസൗകര്യങ്ങളില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ മൂന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നില്‍ വന്‍തട്ടിപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചത്.
പക്ഷെ ഈ പദ്ധതി തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാഭ്യാസവകുപ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കിയെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ പഠന പ്രക്രിയക്ക് പുറത്തായിരുന്നു.
കുട്ടിക്കള്‍ക്കായി പിരിച്ച പണം അവര്‍ക്ക് വേണ്ടി ഉപയോഗിക്കാതെ തട്ടിയെടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. സ്കൂള്‍ അദ്ധ്യയനം ആരംഭിക്കുമെങ്കിലും ഓണ്‍ലൈന്‍ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തില്‍ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയിലാണ്.
വിദ്യാഭ്യാസ മേന്മയെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തായിരുന്നു. ഇത് ഭരണഘടനാമൂല്ല്യങ്ങളുടേയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ലംഘനമാണെന്ന് സുധീര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ പഠിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സ്പോണ്‍സര്‍മാരുടെ ഔദാര്യത്തിനും വായ്പ്പാ പദ്ധതികള്‍ക്കും പാവപ്പെട്ടകുട്ടികളെ വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ നേരിട്ട് വിദ്യാഭ്യാസ സാമഗ്രികള്‍ വിതരണം ചെയ്യണം.
കുടുംബശ്രീ യൂണിറ്റുകളെയും കെഎസ്എഫ്ഇയെയും സംയോജിപ്പിച്ചു കൊണ്ട് പ്രതിമാസം 500 രൂപ അടച്ച് കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ് നല്കുന്ന പദ്ധതിയില്‍ പങ്കാളികളായ ഒന്നര ലക്ഷം കുട്ടികളില്‍ കേവലം രണ്ടായിരം കുട്ടികള്‍ക്ക് മാത്രമാണ് ലാപ്പ്ടോപ്പുകള്‍ മാത്രമാണ് വിതരണം ചെയ്തത്. വിദ്യാകിരണം പദ്ധതിക്ക് വേണ്ടി എത്ര രൂപ സമാഹരിച്ചുവെന്ന് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: