ശാസ്താംകോട്ട: ആശുപത്രി അംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ച ഡ്രൈവര്‍മാരെ സൂപ്രണ്ട് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് സിപിഎം നേതൃത്വം രംഗത്ത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ അംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടറാണ് രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. ഇതു കൈയോടെ പിടികൂടിയ ആശുപത്രി സൂപ്രണ്ട് താത്ക്കാലിക ജീവനക്കാരായ രണ്ടു പേരെയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകരായ ഡ്രൈവര്‍മാരെ നിയമിച്ചത് സിപിഎം ഭരിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്താണ്.
സംഭവം പുറത്തായതോടെ പാര്‍ട്ടി ഇടപെട്ട് മോഷ്ടിച്ച സിലിണ്ടര്‍ തിരികെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ സൂപ്രണ്ട് തയ്യാറായില്ല. എന്നാല്‍ സിലിണ്ടര്‍ തിരിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍മാരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ സിപിഎം നേതൃത്വം രംഗത്തു വന്നിരിക്കുകയാണ്. പുറത്താക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ടില്ലന്ന സൂപ്രണ്ട് നിലപാട് കടുപ്പിച്ചതോടെ ആശുപത്രി ആംബുലന്‍സ് കയറ്റി ഇട്ടിരിക്കുകയാണ്. ഇതോടെ സ്വകാര്യ ആംബുലന്‍സ് കള്‍ക്ക് ചാകരയാണിപ്പോള്‍.
നിലവില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ഇയാള്‍ക്ക് മോര്‍ച്ചറിയിലെ ജോലികള്‍ അടക്കം പുറംജോലികള്‍ ഏറെയാണ്. താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വഴിയാണ്. സിപണ്ടിഎം ശുപാര്‍ശ പ്രകാരമാണ് നിയമനങ്ങള്‍ എല്ലാം നടക്കുന്നത്.
അടുത്തിടെ ആശുപത്രിയിലും തൊഴിലുറപ്പ് മേഖലയിലുമായി അക്രഡിറ്റര്‍ എഞ്ചിനിയര്‍ നിയമനം നടത്തിയിരുന്നു. ഇതിനായി നിരവധി പേരില്‍ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നെങ്കിലും നിയമനം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റി ശിപാര്‍ശ ചെയ്ത ആളുകളെ. പ്രവര്‍ത്തിപരിചയവും മതിയായ യോഗ്യതയും ഇല്ലാതെയാണ് പാര്‍ട്ടി നോമിനിയെ എഞ്ചിനിയര്‍ സ്ഥാനത്ത് നിയമിച്ചതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും അനധികൃത നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ കൊമ്പ് കോര്‍ക്കുന്നതോടെ ആശുപത്രി വികസന പദ്ധതികള്‍ തടസപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: