തിരുവനന്തപുരം: ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയറ്ററില്‍’ഡാം 999 ‘എന്ന ചലച്ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു. സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ സംവിധായകന് ബ്ലൂറേ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ദൃശ്യമികവോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 30ന് മലയാളം, ഇംഗ്ലീഷ് , തമിഴ് ഭാഷകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണെന്നും തീയറ്റര്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 11: 30ന് മലയാള ഭാഷയിലും, വൈകിട്ട് മൂന്ന് മണിക്ക് ഇംഗ്ലീഷും, രാത്രി 7ന് തമിഴ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കഥയ്ക്ക് മുല്ലപ്പെരിയാര്‍ ഡാമുമായി സാമ്യമുണ്ട് എന്നുള്ള കാരണത്താല്പത്തു വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടില്‍ വിലക്ക് തുടരുന്നു. ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശം ജനങ്ങളില്‍ ഭീതി പരത്തും എന്നാരോപിച്ചാണ് തമിഴ്നാട് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
10 വര്‍ഷത്തിനു ശേഷവും സിനിമ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഇപ്പോള്‍. 2011 -ല്‍ റ്റുഡിയില്‍ നിന്ന് ത്രീഡിയിലേക്കുള്ള കണ്‍വേര്‍ഷന്‍ ടെക്നോളജിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയായിരുന്നു ഇത്. പതിനാറു ദേശീയ പുരസ്കാരജേതാക്കള്‍ അണിനിരന്ന ഈ ചിത്രത്തിന് ഓസ്കാറിന്റെ ചുരുക്കപ്പട്ടിക ഉള്‍പ്പെടെയുള്ള ഇരുപത്തി മൂന്നോളം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. നൂറ്റിമുപ്പതോളം ഫിലിം ഫെസ്റ്റിവലുകളിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് നിര്‍മിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെകുറിച്ചും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകന് ഡോ. സോഹന്‍ റോയ് പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: