പൂനെ : ആഢംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ സാക്ഷിയും പ്രൈവറ്റ് ഡിക്ടറ്റീവുമായ കിരണ്‍ ഗോസാവി പിടിയില്‍. തൊഴില്‍ തട്ടിപ്പ് കേസില്‍ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് പൂനെ പോലീസാണ് ഇയാളെ അറസറ്റ് ചെയ്തത്.
ലഖ്നൗവിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മുംബൈയില്‍ കീഴടങ്ങാന്‍ ഭയമുള്ളത് കൊണ്ട് ലഖ്നൗവിലെത്തി കീഴടങ്ങുമെന്നാണ് ഇയാള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോസാവി ഉള്‍പ്പെട്ട കുറ്റകൃത്യത്തിന് യുപിയുമായി യാതൊരു ബന്ധവും ഇല്ലാത്ത സാഹചര്യത്തില്‍ ഇയാള്‍ക്ക് ഇവിടെ കീഴടങ്ങാനാകില്ലെന്ന് ലഖ്നൗ പോലീസ് കമ്മിഷണറും പറഞ്ഞിരുന്നു.
ആര്യന് ഖാന് കേസിലെ വിവാദ സാക്ഷിയായ ഗോസാവി ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഇടനില നിന്നുവെന്ന് മറ്റൊരു സാക്ഷി വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്ന ദിവസം ആര്യനൊപ്പമുള്ള കിരണിന്റെ വീഡിയോകളടക്കം പുറത്ത് വന്നിരുന്നു. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് കേസില്‍ എന്‍സിബി വിജിലന്‍സ് സംഘം അന്വേഷണം തുടരുകയാണ്. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പ്രഭാകര്‍ സെയ്ല് അടക്കം ആര്യന് കേസിലെ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ മുംബൈ പോലീസിന്റെ അന്വേഷണവും തുടരുകയാണ്. ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെയാണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി കഴിഞ്ഞു.
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന പരിശോധനയിലും പിന്നീട് ആര്യനൊപ്പം എന്‍സിബി ഓഫീസിലും ഗോസാവി ഉണ്ടായിരുന്നു. രണ്ടു സ്ഥലത്തുവച്ചും ആര്യനൊപ്പം ഇയാളെടുത്ത സെല്‍ഫികളാണ് വിവാദത്തിനു വഴിവച്ചത്. ഗോസാവിയും ആര്യനും ഉള്‍പ്പെട്ട സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്‍സിബി ഓഫീസിനുള്ളില്‍ വച്ചാണ് ആര്യന് ഖാനൊപ്പം വൈറലായ സെല്‍ഫി ഗോസാവി എടുത്തത്. അതുകൊണ്ട് തന്നെ എന്‍സിബി ഉദ്യോഗസ്ഥനൊപ്പം നില്ക്കുന്ന ആര്യന് ഖാന് എന്ന തരത്തിലാണ് ചിത്രങ്ങള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍ ഇയാള്‍ എന്‍സിബി ഉദ്യോഗസ്ഥനല്ലെന്നും, ഇയാള്‍ക്ക് ഏജന്‍സിയുമായി യാതൊരു ബന്ധവുമില്ലെന്നും എന്‍സിബി വ്യക്തമാക്കി. ഇതോടെയാണ് ഗോസാവി ഒളിവില്‍ പോയത്. തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയായിരുന്നു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതേസമയം ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്നും ബോബെ ഹൈക്കോടതിയില്‍ വാദം തുടരും. ആര്യന്റേയും കൂട്ട് പ്രതികളുടേയും വാദമാണ് കഴിഞ്ഞ രണ്ട് ദിവസം നടന്നത്. നവംബര്‍ 1 മുതല്‍ 15 ദിവസം കോടതി ദീപാവലി അവധിയാണ്. അതുകൊണ്ട് മൂന്ന് ദിനത്തിനുള്ളില്‍ ഒരു വിധി പറയണമെന്ന് ആര്യന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: