സേവാദള്‍ വളണ്ടിയറായാണ് കെ. മുരളീധരന് കോണ്‍ഗ്രസിലേക്ക് കാലെടുത്തുവച്ചത്. പിന്നീടയാള്‍ ക്യാപ്റ്റനായി. അച്ഛനും ഹൈക്കമാന്റിനും സേവ നന്നായി ബോധിച്ചപ്പോള്‍ ആദ്യം എംപിയായി. എംഎല്‍എ ആകാതെ മന്ത്രിയുമായി. മന്ത്രിയായ ശേഷം എംഎല്‍എയാകാന്‍ മറ്റൊരു സേവനകനായ എംഎല്‍എയെ രാജിവയ്പിച്ചു. ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചു, മത്സരിച്ചു. എട്ടുനിലയ്ക്കാണ് പൊട്ടിയത്. മന്ത്രിമോഹം അന്നവസാനിച്ചു. പിന്നെയും മന്ത്രിയോ അതുക്കും മേലെ മുഖ്യമന്ത്രിയോ ആവുന്നതിനായി ഇത്തവണ എംപി സ്ഥാനം ഒഴിയാതെ മത്സരത്തിനിറങ്ങി. തട്ടകം നേമം നിയോജകമണ്ഡലം. രണ്ടാമനോ മൂന്നാമനോ ആകാനല്ല, ഒന്നാമനാകാനാണ് താന്‍ മത്സരിക്കുന്നതെന്ന വീമ്പടി. യുഡിഎഫ് ജയിച്ചതുമില്ല, കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുമില്ല. പിന്നല്ലെ മുരളീധരന്റെ മോഹം!
ബിജെപിയെ തോല്പിക്കുക കൂടിയാണ് തന്റെ നിയോഗമെന്നും അന്ന് അവകാശവാദം. ബിജെപി തോറ്റെങ്കിലും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ലീഡറുടെ മകന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജയിപ്പിച്ചതോ നിയമസഭയുടെ ബഞ്ചിലും ഡസ്കിലും കയറി സംഹാരകേളി നടത്തിയ വ്യക്തിയെ. 2015 മാര്‍ച്ച് 13 ന് കെ.എം. മാണിയുടെ ബജറ്റ് മേശപ്പുറത്തും, സിപിഎം എംഎല്‍എ ശിവന്‍കുട്ടി ഡസ്കിലുമെന്ന ചൊല്ല് അന്നുണ്ടായതാണ്. അയാളെ തന്നെ ജയിപ്പിക്കാന്‍ രാഹുലിന്റെ ബ്രിഗേഡിയറായി ഇറങ്ങിയ മുരളീധരന് എന്തും പറയും എന്ന മാനസികാവസ്ഥയിലെത്തി.
പിന്നെ പിണറായി വിജയന്, കേന്ദ്രത്തിലെ നരേന്ദ്രമോദിയെ പോലെയാണെന്ന് പറഞ്ഞത് കുറച്ച് ദിവസം മുമ്പാണ്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഒന്നാംനിരയിലെത്തിക്കുകയാണ് നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യം ബഹുദൂരം മുന്നേറിയത് മോദിയുടെ നിതാന്ത ജാഗ്രതയും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും കൊണ്ടാണ്. നൂറുകോടിയിലധികം പേര്‍ക്ക് വാക്സിനേഷന് നല്‍കാനും കഴിഞ്ഞു എന്നത് ആശ്ചര്യത്തോടെ ലോകം കാണുന്നു. ലോകാരോഗ്യ സംഘടന പോലും അതില്‍ അഹ്ലാദിക്കുന്നു. അതുപോലെയാണോ കേരളം?
നൂറുകോടി വാക്സിനേഷന് തികഞ്ഞ ദിവസം സിപിഎം പാര്‍ട്ടി പത്രത്തിന്റെ തലവാചകം കേരളം നൂറുശതമാനത്തിലേക്കെന്നാണ്. പോഴത്തരം എന്നല്ലാതെ എന്തു പറയാന്‍. 130 കോടി ജനസംഖ്യയിലാണ് നൂറുകോടി തികച്ചത്. കേരളത്തിലാകെ മൂന്നേകാല്‍ കോടിയാണ് ജനസംഖ്യ എന്നതും ഓര്‍ക്കണം. വിഷയം അതല്ല. നരേന്ദ്രമോദിയോട് പിണറായി വിജയനെ താരതമ്യം ചെയ്യുന്നതെന്തിനാണ് എന്നതല്ലെ? മോദിയെപ്പോലെ കര്‍മ്മനിരതനും ലോകാരാധ്യനുമാണ് പിണറായി വിജയനെന്ന് ബോധ്യപ്പെടുത്താനാണ്. ഒരുപക്ഷേ വരാന്‍ പോകുന്ന സഖ്യത്തില്‍ പിണറായി വിജയന് മുഖ്യവേഷം നല്‍കണമെന്ന് രാഹുലിനുള്ള സന്ദേശമായിരിക്കാം. ‘ലാഭം കാണാതെ ബാപ്പ വെള്ളം കുടിക്കില്ല.’ എന്നൊരു ചൊല്ലുണ്ടല്ലോ.
പിണറായി വിജയന് പകല്‍ ചെങ്കൊടിയും രാത്രി കാവിക്കൊടിയുമാണ് പിടിക്കുന്നതെന്നാണ് മുരളീധരന്റെ മറ്റൊരു കണ്ടുപിടുത്തം. തുണിയുടെ നിറം നോക്കിപ്പിടിപ്പിക്കുന്നതിനാലാണ് ലാവ്ലിന് കേസ് 25 തവണ മാറ്റിവച്ചതെന്നും മുരളീധരന് പറഞ്ഞിരിക്കുന്നു. കൊടിയുടെ നിറം മാത്രമല്ല, അടിവസ്ത്രത്തിന്റെ നിറംപോലും പറഞ്ഞാലും അത്ഭുതപ്പെടാനില്ല. അതിന്റെ തെളിവാണല്ലോ തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള മുരളീധരന്റെ ആക്ഷേപം. തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ രാപ്പകല്‍ സമരവും നിരാഹാരസമരവും 28-ാം ദിവസമെത്തിയപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സമരം നടത്തണമെന്ന് തോന്നിയത്. ഡിസിസി പ്രസിഡന്റ് തുടങ്ങിയ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനാണ് മുരളീധരനെത്തിയത്. പ്രസംഗത്തില്‍ മേയറെ പുലഭ്യം പറയാനും കൊടുങ്ങല്ലൂര്‍ ആചാരത്തെ അവഹേളിക്കാനുമാണ് ശ്രമിച്ചത്. ”മേയര്‍ ആര്യാ രാജേന്ദ്രന് സുന്ദരിയാണ്. വായില്‍ വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം.” എന്നാണ് മുരളീധരന് പറഞ്ഞത്. പിന്നെയും തുടര്‍ന്നു. ”ഒറ്റ മഴയ്ക്ക് കിളിര്‍ക്കുന്നതാണ് ഇതൊക്കെ. മറ്റൊരു മഴക്കിതൊക്കെ തീരും. ഇങ്ങിനെ പോയാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നത്… എന്ന് പറയേണ്ടിവരുമെന്ന് മുരളി മുന്നറിയിപ്പും നല്കി. മേയര്‍ പരാതി കൊടുത്തിട്ടുണ്ട്. ”തനിക്കിങ്ങിനെ ഒരച്ഛനില്ലെന്ന്” പറഞ്ഞയാള്‍ ആര്‍ക്കെതിരെയും എന്തും പറയും. മുഖ്യ പ്രതിപക്ഷമായിരുന്നിട്ടും സഹനസമരത്തെ ചവിട്ടിപ്പോയിട്ടും അവഹേളിച്ചിട്ടും ബിജെപിക്കാരാരും മേയറെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മുറുകെ പിടിക്കുന്ന സംസ്കാരമെന്തെന്ന് മുരളീധരന് തെളിയിച്ചു. തൃശൂര്‍ ജില്ലയിലാണ് കൊടുങ്ങല്ലൂര്‍. മുരളീധരന് ജനിച്ചതും തൃശൂരാണ്. ഭരണിപ്പാട്ട് ഭീകരത സൃഷ്ടിക്കുന്നതല്ല. അതെങ്കിലും തിരിച്ചറിയാന്‍ കിങ്ങിണികള്‍ക്കാവേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: