മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും തമ്മിലെ തര്‍ക്കം ഒരിക്കല്‍ക്കൂടി സുപ്രീംകോടതിയിലെത്തിയിരിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്താമെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കേരളം എതിര്‍ക്കുകയും, ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇക്കാര്യത്തില്‍ വിയോജിപ്പുള്ളതിനാല്‍ കേരളത്തിന്റെ നിര്‍ദ്ദേശം ഇന്ന് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച കോടതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ണായകമായിരിക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുകയും, അപ്രതീക്ഷിതമായ തോതില്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്തതിനാലാണ് ജലനിരപ്പ് താഴ്‌ത്താന്‍ കേരളം ആവശ്യപ്പെടുന്നത്. തുലാവര്‍ഷം ആരംഭിച്ചതിനാല്‍ വരുംദിവസങ്ങളില്‍ മഴ കൂടുതലുണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പുകളെ മുന്‍നിര്‍ത്തി കേരളം ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാറില്‍ വെള്ളം അധികമായാല്‍ തുറന്നുവിടേണ്ടത് ഇടുക്കി അണക്കെട്ടിലേക്കാണെന്നും, അവിടെ ഇപ്പോള്‍ ഉള്‍ക്കൊള്ളാവുന്നത്ര വെള്ളമുണ്ടെന്നുമുള്ള കേരളത്തിന്റെ നിലപാട് നിഷേധിക്കാനാവില്ല. അടുത്തിടെയാണ് മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം ഒഴുക്കിക്കളഞ്ഞത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഒരു തരത്തിലും പറയാനാവില്ലല്ലോ.
അണക്കെട്ട് നിലനില്‍ക്കുന്നതും അതിന്റെ വൃഷ്ടിപ്രദേശവും കേരളത്തിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍, തമിഴ്‌നാടുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് വെള്ളം നല്‍കുന്നത്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചും വെള്ളം കൊണ്ടുപോകുന്നതിനെക്കുറിച്ചും പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തില്‍ കേരളത്തിന് നിരന്തരം തിരിച്ചടികളേ ലഭിച്ചിട്ടുള്ളൂ. കേരളത്തിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലായ്മയും, ഇവിടുത്തെ ഭരണ നേതൃത്വം സത്യസന്ധവും ആത്മാര്‍ത്ഥവുമായി ഇടപെടാത്തതുമാണ് ഇതിന് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സി. അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തമിഴ്‌നാടിന് അനാവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്തു എന്ന ആരോപണത്തിന് ഇപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. എന്തിനേറെ രാജഭരണകാലത്ത് തമിഴ്‌നാട്ടുകാരനായിരുന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ നേടിയെടുത്ത മേല്‍കൈ പോലും പില്‍ക്കാലത്ത് വന്ന കേരളത്തിലെ ഭരണാധികാരികള്‍ കളഞ്ഞുകുളിച്ചു എന്ന ആക്ഷേപവും ശക്തമാണ്. ഇപ്പോഴും ഇതിന് മാറ്റം വന്നിട്ടില്ല. രാഷ്‌ട്രീയപ്രേരിതമായാണ് കേരളത്തിലെ രാഷ്‌ട്രീയ-ഭരണ നേതൃത്വം ഇക്കാര്യത്തില്‍ നിലപാടുകളെടുക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷയോര്‍ത്ത് തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ നേതാവ് പിന്നീട് മൗനം പാലിച്ചു. അണക്കെട്ട് പൊട്ടുമെന്നും, അതൊഴിവാക്കാന്‍ പുതിയ അണ കെട്ടണമെന്നും പറഞ്ഞ മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന വികാരം ശക്തമാണ്.
മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നത് കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വളരെ വൈകാരികമായി പ്രശ്‌നത്തെ അവതരിപ്പിക്കുകയാണ് കേരളം ചെയ്തിട്ടുള്ളത്. മഴക്കാലമാകുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ മഴ മാറുന്നതോടെ അവസാനിക്കുകയാണ് പതിവ്. അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് ജലവിഭവ കമ്മീഷനിലും മേല്‍നോട്ട സമിതിയിലും സുപ്രീംകോടതിക്ക് മുന്‍പിലും കൊണ്ടുവരാന്‍ കഴിയണം. ഇത് കോടതിയില്‍ ഹാജരാവുന്ന വക്കീലിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ കേസ് നടത്തുന്നതിന് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. അതിന് എന്തു സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല. അന്‍പത് വര്‍ഷം മാത്രം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ടിന്റെ ബലക്ഷയം തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ ഭിത്തികള്‍ പലവിധത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്. അണക്കെട്ടിന്റെ ഈ ഉറപ്പ് ഒരു ഭൂകമ്പത്തെ അതിജീവിക്കുമോയെന്നാണ് ഇവരോട് ചോദിക്കാനുള്ളത്. അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശം ഭൂകമ്പ സാധ്യതാ മേഖലയാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. നീതി പീഠത്തിനു മുന്നില്‍ കണ്ണീരൊഴുക്കിയതുകൊണ്ട് കാര്യമില്ല. വസ്തുതകളും നിയമവുമാണ് കോടതി പരിഗണിക്കുക. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടാതിരിക്കണമെങ്കില്‍, ജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതിവരുത്തണമെങ്കില്‍ ഭരണനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: