പാലക്കാട്: ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിവില്‍ സപ്ലൈസ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ കാലാവധി കഴിഞ്ഞ ഇനം വിതരണം ചെയ്തതായി പരാതി. ജൂലൈ 28ന് പാക്ക് ചെയ്ത ശര്‍ക്കര ഉപ്പേരിയാണ് വിതരണം ചെയ്തത്.
പാക്കിങ് കഴിഞ്ഞ് 60 ദിവസമാണ് കാലാവധിയെന്ന് കവറില്‍ എഴുതിയിട്ടുണ്ട്. എന്നാൽ പാക്കിങ് കഴിഞ്ഞ് എണ്‍പത്തി രണ്ടാം ദിവസമായ ഈ മാസം 18 മുതല്‍ 21 വരെയാണ് കിറ്റുകള്‍ പല ഘട്ടങ്ങളായി സ്കൂളില്ലെത്തിച്ചത്. 25 മുതല്‍ ഭക്ഷ്യകിറ്റുകള്‍ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനും തുടങ്ങി. കിറ്റില്‍ നിന്നും സാധനങ്ങള്‍ മാറ്റാനും കഴിയില്ല.
കിറ്റുകള്‍ വിതരണം ചെയ്ത ഉടന്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരിയാണ് കിറ്റില്‍ ഉള്‍പ്പെട്ടതെന്ന് തിരിച്ചറിയുകയും കഴിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയെന്നുമാണ് പ്രധാനാധ്യാപിക പി. വിനീത പറയുന്നത്. ആരോഗ്യ വകുപ്പിനേയും സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചിരുന്നു.
സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ കാലാവധി കഴിഞ്ഞ ഇനം എങ്ങിനെ ഉള്‍പ്പെട്ടുവെന്ന് അറിയില്ലെന്ന് സിവില്‍ സപ്ലൈസ് ഒറ്റപ്പാലം ഡിപ്പോ മാനേജര്‍ വി.എച്ച്. മുസ്തഫ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുമെന്നും കാലാവധി കഴിഞ്ഞ ഇനത്തിന് പകരം സാധനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: