ചേര്‍ത്തല: അനശ്വരകവിയുടെ ആരാധകര്‍ക്ക് നൊമ്പരമായി ചന്ദ്രകളഭം. കവി വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്ക് ഇന്ന് 46 വയസ് തികയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കവിയുടെ സ്മാരകം അനാഥത്വത്തിന് നടുവിലാണ്. കവിയുടെ പേരില്‍ ജന്മനാട്ടില് സ്മാരകം നിര്‍മിച്ചെങ്കിലും പ്രവര്‍ത്തനവും പരിപാലനവും പ്രതിസന്ധിയിലാണ്. സ്മാരകത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ധാരണയിലെത്താത്തതാണ് ഇതിന് കാരണമെന്നാണ് വിമര്‍ശനം.
സര്‍ക്കാര്‍ അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ച് വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാഘവപ്പറമ്പ് കോവിലകത്ത് ചന്ദ്രകളഭം എന്ന പേരില്‍ സ്മാരകം നിര്‍മിച്ചത്. വയലാറിന്റെ കുടുംബം സര്‍ക്കാരിന് വിട്ട് നല്കിയ സ്ഥലത്ത് മ്യൂസിയം, ഹാള്‍, ലൈബ്രറി മിനി തിയേറ്റര്‍ കണ്വന്ഷന് ഹാള്‍ ഇതെല്ലാം ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളോളം അടഞ്ഞ് കിടന്ന സ്മാരകം വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം കവിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. പൂര്‍ണമായി സജ്ജമാക്കാതെയാണ് സ്മൃതിമണ്ഡപം കൈമാറിയതെന്നാണ് വിമര്‍ശനം.
കെട്ടിടത്തിന്റെ നികുതി, വൈദ്യുതി, ശുദ്ധജലം, വൃത്തിയാക്കല്‍ തുടങ്ങി പരിപാലന ചെലവ് കണ്ടെത്താതെ വിഷമിക്കുകയാണ്. ഓഡിറ്റോറിയം പൊതുപരിപാടിള്ക്ക് ഉപയോഗിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കാനുണ്ട്. നിലവില്‍ ചെലവ് വഹിക്കുന്നത് കവിയുടെ കുടുംബാംഗങ്ങളാണ്. സ്മൃതി മണ്ഡപത്തില്‍ കവിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെറിയ സ്മൃതി മണ്ഡപത്തില്‍ താല്കാലികമായി കവിയുടെ ഫോട്ടോ സ്ഥാപിച്ചാണ് ചരമ വാര്‍ഷിക ദിനത്തില്‍ വര്‍ഷങ്ങളായി പുഷ്പാര്‍ച്ചന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: