ന്യൂദല്‍ഹി: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ട് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍, ക്വാറി ഉടമകള്‍ എന്നിവരുടെയെല്ലാം വാദം കേട്ട ശേഷം ട്രിബ്യൂണല്‍ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. പരാതിയുള്ളവര്‍ക്ക് ഹരിത ട്രിബ്യൂണലിനെ സമീപിക്കാം.
അടിയന്തരമായി തീരുമാനമെടുക്കാന്‍ ട്രിബ്യൂണലിനോട് നിര്‍ദേശിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനവാസ കേന്ദ്രങ്ങളിലെ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയിരുന്നു. ഇതിന് ട്രിബ്യൂണലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു.
പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ എടുക്കുന്ന കേസുകളില്‍ ഉത്തരവിറക്കാന്‍ ഹരിത ട്രിബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ നിലവിലെ പ്രളയ, ഉരുള്‍പൊട്ടല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് ട്രിബ്യൂണല്‍ തീരുമാനം വരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: