ന്യൂയോര്‍ക്ക്: ആകാശഗംഗയ്ക്ക് പുറത്ത് ഒരു ഗ്രഹം നക്ഷത്രത്തെ ചുറ്റുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ചരിത്രത്തിലിതാദ്യമാണ് ആകാശഗംഗയ്ക്ക് പുറത്ത് ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. ഈ ഗ്രഹം ഭൂമിയില്‍ നിന്ന് ഏകദേശം 28 ദശലക്ഷം പ്രകാശ വര്‍ഷങ്ങള്‍ അകലെ ഗാലക്സി എം51 (മെസ്സിയര്‍ 51) ലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നു വരെ ആകാശ ഗംഗയില്‍ കണ്ടെത്തിയ മറ്റെല്ലാ ഗ്രഹങ്ങളെക്കാളും ആയിരക്കണക്കിന് മടങ്ങ് അകലെയാണിത്. നാസയുടെ ചാന്ദ്ര എക്സ്-റേ ഒബ്സര്വേറ്ററിയാണ് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത്. എം51-യുഎല്‍എസ്-1ബി എന്നാണ് ഈ ഗ്രഹത്തിന് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.
‘എക്സ് റേ തരംഗങ്ങളുടെ സഹായത്താല്‍ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് ഞങ്ങള്‍ പുതിയൊരു രംഗം തുറക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് നക്ഷത്രസമൂഹത്തില്‍ നിന്നുള്ള ഗ്രഹങ്ങളെപ്പോലും കണ്ടെത്താന്‍ ഇത് സഹായിക്കും’- ഈ ഗ്രഹത്തെ കണ്ടെത്തിയ പഠനത്തിന് നേതൃത്വം നല്കിയ ഹാര്‍വാര്‍ഡ്-സ്മിത്ത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞയായ റോസാന്‍ ഡി സ്റ്റെഫാനോ പറഞ്ഞു. ഈ പഠനത്തിനായി നാസയുടെ ചാന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എക്സ് എംഎം ന്യൂട്ടന് ബഹിരാകാശ ടെലിസ്കോപ്പും ഉപയോഗിച്ച് ആകാശഗംഗയ്ക്ക് പുറത്തുള്ള മൂന്ന് ഗാലക്സികള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.
ഈ ഗ്രഹത്തെ കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത് ഇതില്‍ നിന്നും ഉയര്‍ന്നു വരുന്ന എക്സ്-റേയെ പറ്റിയും പ്രകാശത്തെയും പറ്റിയുമുള്ള പഠനമാണ്. ഒരു ഗ്രഹം നക്ഷത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ നിന്നു വരുന്ന എക്സ് റേയെ തടയുകയും നക്ഷത്രത്തില്‍ നിന്നു വരുന്ന പ്രകാശത്തില്‍ ഒരു ചെറിയ കുറവ് (ഡിപ്പ്) ഉണ്ടാക്കുകയും ചെയ്യും. ഈ നിഗമനമാണ് ഇപ്പോഴീ ഗ്രഹത്തെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.
ഒരു കൂറ്റന്‍ നക്ഷത്രത്തെ (ഒരു ന്യൂട്രോണ്‍ നക്ഷത്രം അല്ലെങ്കില്‍ ഒരു തമോഗര്‍ത്തം) ചുറ്റുന്ന ഒരു വലിയ വസ്തു അടങ്ങിയ ഒരു ബൈനറി സിസ്റ്റത്തിലാണ് ഈ ഗ്രഹത്തിന്റ സാന്നിധ്യം അവര്‍ കണ്ടെത്തിയത്. ഇപ്പോള്‍ കണ്ടെത്തിയ ഈ ഗ്രഹം നക്ഷത്രത്തെ കടന്നു പോയപ്പോള്‍ എക്സ്-റേ ഉദ്വമനം (എമിഷന്‍) പൂജ്യത്തിലേക്ക് താഴ്ന്നതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഇത് നടന്നത്. അതിനാല്‍ ഈ ഗ്രഹത്തിന് ഏകദേശം ശനിയുടെ വലിപ്പമുണ്ടെന്നും, അത് സൂര്യനില്‍ നിന്നും ശനിയുടെ ദൂരത്തിന്റെ ഇരട്ടി ദൂരത്തിലാണ് ന്യൂട്രോണ്‍ നക്ഷത്രത്തെ (അല്ലെങ്കില്‍ തമോഗര്‍ത്തത്തെ) ഭ്രമണം ചെയ്യുന്നതെന്നും അവര്‍ കണ്ടെത്തി.
1992 ലാണ് ആദ്യത്തെ എക്സോപ്ലാനെറ്റിനെ (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) കണ്ടെത്തിയത്. അതിനു ശേഷം കണ്ടെത്തിയ മിക്ക എക്സോപ്ലാനെറ്റുകളും ഭൂമിയില്‍ നിന്നും 3000 പ്രകാശ വര്‍ഷത്തില്‍ താഴെയാണ്. ‘നമ്മള് കാണുന്നത് ഒരു ഗ്രഹമാണെന്ന് സ്ഥിതീകരിക്കണമെങ്കില് മറ്റൊരു സംക്രമണം (ട്രാന്‍സിറ്റ്) കൂടി നടക്കണം. നിര്‍ഭാഗ്യവശാല്‍, അതിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. ഇതിന്റെ ഭ്രമണത്തിന് എത്ര സമയമെടുക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തതയില്ല, അതിനാല്‍ അടുത്ത സംക്രമണത്തെ എപ്പോള്‍ നിരീക്ഷിക്കണമെന്ന് ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല’- പഠനത്തില്‍ പങ്കുവഹിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞയായ നിയ ഇമാറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: