ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ഭീകരര്‍, വിരമിച്ച പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടേയും ഐഎസ്‌ഐയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ദിവസമായി നടക്കുന്ന ഏറ്റുമുട്ടല്‍ സേനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണ്. ഇവിടെ മികച്ച പരിശീലനം ലഭിച്ച ഭീകരരുടെ സംഘവുമായാണ് സേന ഏറ്റുമുട്ടല്‍ നടത്തുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച സൈനിക ഓപ്പറേഷന്‍ തിങ്കളാഴ്ച 15ാം ദിവസത്തിലേക്ക് കടന്നു. ഇതിനു മുന്‍പ് ഭട്ടി ധറില്‍ 2008 ഡിസംബര്‍ മുതല്‍ 2009 ജനുവരി വരെ നടന്ന ഒമ്പതു ദിവസം നീണ്ടു നിന്ന ഓപ്പറേഷനായിരുന്നു ഏറ്റവും ദൈര്‍ഖ്യമേറിയത്.
സേനയ്‌ക്കുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് കാത്തിരുന്നു നിരീക്ഷിക്കുക (വെയിറ്റ് ആന്‍ഡ് വാച്ച്) എന്ന നയമാണ് ഇപ്പോള്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുള്‍പ്പടെ ഒമ്പത് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ ഒരു ജവാന്‍ കൊല്ലം സ്വദേശിയായ വൈശാഖാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നാല് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇയാള്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ ഭീകരവാദിയായ സിയ മുസ്തഫയാണ്.
ഒക്ടോബര്‍ 11 ന് പൂഞ്ച് ജില്ലയിലെ സുരന്‍ കോട്ട് മേഘലയിലെ ദേരാ കി ഗലി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷനായി പ്രത്യേക പരിശീലനം ലഭിച്ച പാരാ കമാന്‍ഡോകളുടെ യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചുള്ള തെരച്ചിലും സൈന്യം നടത്തുന്നുണ്ട്. പ്രദേശത്തെ നിബിഡ വനങ്ങളും ഗുഹകളും തീവ്രവാദികള്‍ ഒളിത്താവളമായി ഉപയോഗിക്കുന്നു. ഒപ്പം ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ ഡ്രോണുകള്‍ക്ക് വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നു. ഇതിനാലൊക്കയാണ് തെരച്ചില്‍ നീണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: