ഓച്ചിറ: ഇന്ത്യയില്‍ ടിപ്പു സുല്‍ത്താനല്ല മിസൈലിന്റെ പൂര്‍വ്വരൂപം ആദ്യമായി ഉപയോഗിച്ചത്. ഡച്ചു സൈനികരില്‍ നിന്നും ലഭിച്ച പ്രകൃത മിസൈലുകള്‍ കായംകുളം സൈന്യമാണ് ഉപയോഗിച്ചതെന്ന് പ്രശസ്ത ചരിത്രകാരന് ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓണാട്ടുകര സ്വാശ്രയ സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ ‘കായംകുളം യുദ്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും എരുവയില്‍ അച്ചുതവാര്യര്‍ നയിച്ച കായംകുളം -ദേശിംഗനാട് സംയുക്ത സൈന്യം കൊല്ലത്ത് വെച്ച് തിരുവിതാംകൂറിനെതിരെ നടത്തിയ യുദ്ധത്തിലാണ്.
സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ പടപ്പാളയത്തിലേക്ക് മടങ്ങിയ സൈനികരെ തിരുവിതാംകൂര്‍ സൈന്യം പിന്തുടര്ന്ന് പിടിക്കുകയും അഞ്ച് രാജകുമാരന്മാരെ വധിക്കുകയും ചെയ്തു. ഓടനാട് രാജാവായിരുന്ന ഇരവിവര്മ്മനെ നൂറനാട് വെച്ച് പൊന്നു പാണ്ഡ്യതേവരുടെ നേതൃത്വത്തിലുള്ള മറവപ്പട വെടിവെച്ച് വീഴ്ത്തി തലയറുത്ത് കൊന്നതില്‍ കായംകുളത്തോട് മാര്‍ത്താണ്ഡവര്‍മ്മ മാപ്പു ചോദിച്ചിരുന്നു. അതുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍ ഒരു രാജാവിനെ യുദ്ധമുഖത്ത് വെച്ച് താന്‍ വാടകയ്ക്ക് എടുത്ത മറവപ്പട വധിച്ചതിനാലായിരുന്നു ഈ മാപ്പ് പറച്ചില്.
1731 ല്‍ കായംകുളത്തു നിന്നും രണ്ട് മൂന്ന് രാജകുംടുംബാംഗങ്ങളെ കൊല്ലം രാജാവ് ദത്ത് എടുത്തതായിരുന്നു യുദ്ധങ്ങളുടെ തുടക്കം. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാനായി 500 പേര് ഉള്‍പ്പെട്ട ചാവേര്‍സൈന്യം കായംകുളത്ത് നിന്നും പുറപ്പെട്ടു. ഇതറിഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ വേഷപ്രഛനന്നായി കളിമാനൂരില്‍ നിന്നും ആറ്റിങ്ങല്‍ വഴി പത്മനാഭപുരത്തേയ്ക്ക് രക്ഷപ്പെടുകയും ആറ്റിങ്ങലെത്തിയപ്പോഴേയ്ക്കും അവസാന ചാവേറും മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഓണാട്ടുകര സ്വാശ്രയ സമിതി പ്രസിഡന്റ് ഡോ.ജി.മധു അദ്ധ്യക്ഷനായി.ട്രഷറര്‍ ഡോ.രവികുമാര്‍ കല്യാണിശ്ശേരില്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: