കൊല്ലം: ന്യൂദല്‍ഹി ജാമിയ മിലിയ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലില്‍ എയിംസില്‍ വിദഗ്ധ ചികിത്സ. ഡെങ്കിപ്പനി രോഗ ബാധിതനായ കൊല്ലം അഷ്ടമുടി പുന്നയ്യത്ത് ജുനൈദാണ് കേന്ദ്രമന്ത്രിയുടെ സഹായത്താല്‍ വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരുന്നത്.
പനിയും അവശതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ജൂനൈദിനെ സുഹൃത്തുക്കള്‍ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സിടി സ്കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇത്ര വലിയ തുക കണ്ടെത്താന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. വിവരം അറിഞ്ഞതോടെ ജുനൈദിന്റെ കുടുംബവും വലിയ ആഘാതത്തിലായി. അടുത്ത ദിവസം ജുനൈദിന്റെ ബന്ധുക്കള്‍ ന്യൂദല്‍ഹിയില്‍ എത്തിയെങ്കിലും വലിയ ചികിത്സ ചെലവ് ഉടന്‍ കണ്ടെത്താന്‍ ജുനൈദിന്റെ അച്ഛന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഷാജിക്ക് കഴിയുമാരുന്നില്ല. പണം അടയ്ക്കാതെ ചികിത്സ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് ജുനൈദിന്റെ ബന്ധു കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെടുന്നത്.
രക്തത്തിലെ കൗണ്ട് ക്രമാതീതമായി കുറഞ്ഞ് ജുനൈദിന്റെ നില വഷളായിക്കൊണ്ടിരുന്നു. നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോയ നിമിഷങ്ങള്‍. എത്രയും വേഗം എയിംസില്‍ എത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജുനൈദിന്റെ ബന്ധുവിന് ഫോണില്‍ സന്ദേശമെത്തി. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. എയിംസില്‍ എത്തിച്ച ജുനൈദിനെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വളരെ വേഗം ചികിത്സ ആരംഭിച്ചു. പത്തു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജുനൈദ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ വീട്ടിലെത്തി.
മനുഷ്യത്വപരമായ സമീപനവും സമയോചിത ഇടപെടലും നടത്തിയ മന്ത്രിയുടെ ഇടപെടല്‍ മറക്കാനാകില്ലെന്ന് ജുനൈദന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചതെന്നും മകന് അസുഖം ഭേദമായി വരുന്നതായും അച്ഛന് ഷാജി ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: