മുംബൈ:സമീര്‍ വാങ്കഡെ മുസ്ലിമായാണ് ജനിച്ചതെന്നും അദ്ദേഹത്തിന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ ജോലി ലഭിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും ആരോപിച്ച് എന്‍സിപി മന്ത്രി നവാബ് മാലിക്. സമീറിന്റെ അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും സമീറിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാങ്കഡെ എന്നാണെന്നും നവാബ് മാലിക് ആരോപിച്ചു.
നവാബ് മാലിക്കിന്റെ വാദം പൊളിച്ച് വൈകാതെ സമീറിന്റെ അച്ഛന് രംഗത്ത് വന്നു. തന്റെ പേര് ദാവൂദ് എന്നല്ലെന്നും താന്‍ ഹിന്ദുവാണെന്നും മുഴുവന്‍ പേര് ധ്യാന്‍ദേവ് വാങ്കഡെ എന്നാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ വിശദീകരണവുമായി എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയും രംഗത്തെത്തി. തന്റെ അമ്മ മുസ്ലീമും അച്ഛന് ഹിന്ദുവുമായിരുന്നെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. ‘ എന്റെ അച്ഛന്റെ പേര് ധന്യദേവ് കഛ്രുജി വാങ്കഡെ എന്നാണ്. ഇദ്ദേഹം സ്റ്റേറ്റ് എക്സൈസ് ഡിപാര്ട്മെന്റില് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്നു. അച്ഛന് ഹിന്ദുവാണ്. അമ്മ അന്തരിച്ച സഹീദ മുസ്ലിമാണ്. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ജീവിക്കുന്ന മതേതര കുടുംബമാണ് എന്റേത്. ഞാന്‍ 2006ല്‍ വിവാഹം ചെയ്തത് ഡോ. ഷബാന ഖുറേഷിയെയാണ്. അത് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള സിവില്‍ വിവാഹമായിരുന്നു. പക്ഷെ രണ്ടുപേരും 2016ല്‍ വിവാഹമോചനം നടത്തി. പിന്നീട് 2017ല്‍ ക്രാന്തി ദിനനാഥ് റെഡ്കറെ വിവാഹം ചെയ്തു. ‘ – സമീര്‍ വാങ്കഡെ വിശദീകരിച്ചു.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ ജോലി നേടിയതെന്നും നവാബ് മാലിക്ക് ആരോപിക്കുന്നു.
‘തന്റെ സ്വകാര്യത ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്നും കുടുംബത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റം ശരിയല്ലെന്നും സമീര്‍ വാങ്കഡെ അഭിപ്രായപ്പെട്ടു. മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തുന്ന ട്വീറ്റുകള്‍ തന്നെയും കുടുംബാംഗങ്ങളെയും അത്യധികം സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. വ്യക്തിപരവും അപകീര്‍ത്തികരവും അപവാദകരവുമായ ആക്രമണങ്ങളും കേട്ട് താന്‍ അങ്ങേയറ്റം വേദനിക്കുന്നുവെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.
ഇതിനിടെ സമീര്‍ വാങ്കഡെയെ ന്യായീകരിച്ച് ഇപ്പോഴത്തെ ഭാര്യയും മറാഠി നടിയുമായി ക്രാന്തി റെഡ്കര്‍ വാങ്കഡെയും രംഗത്തെത്തി. ‘ഞാനും എന്റെ ഭര്‍ത്താവ് സമീറും ഹിന്ദുവായി ജനിച്ചവരാണ്. ഞങ്ങള്‍ ഇതുവരെ മറ്റൊരു മതത്തിലേക്കും മാറിയിട്ടില്ല. ഞങ്ങള്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. സമീറിന്റെ അച്ഛനും ഹിന്ദുവാണ്. വിവാഹം കഴിച്ചത് മുസ്ലിമിനെയാണ്. അമ്മായിയമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സമീറിന്റെ ആദ്യ വിവാഹം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു. 2016ല്‍ വിവാഹമോചനം നടന്നു. 2017ല്‍ ഞങ്ങള്‍ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹിതരായി,’ – ക്രാന്തി റെഡ്കര്‍ വാങ്കഡെ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്ക്കെതിരെ നവാബ് മാലിക് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും വ്യാജമായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന് ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.
പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന് വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണത്തിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന് വാങ്കഡെ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: