തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ഘടന പ്രശ്നങ്ങള്‍ ഉണ്ടെന്നും ഡാം തകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഎന്‍ സര്‍വകലാശാല റിപ്പോര്‍ട്ട്. ലോകത്തില്‍ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളില്‍ ഒന്ന് മുല്ലപ്പെരിയാറാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തില്‍ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, ഇന്ത്യ, ജപ്പാന്, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാധ്യത കൂടുതലുളളത്. ഇന്ത്യയില്‍ മാത്രം അമ്പത് വര്‍ഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളാണുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാനഡ അസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്താണ് അണക്കെട്ടുകള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേരളത്തിലെ അപ്രതീക്ഷിത പ്രളയാവസ്ഥയില്‍ ഡാം ജീവനുകള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ അണക്കെട്ടിലെ ചോര്‍ച്ചകളും, നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പലതും നിലവില്‍ കാലാവധി കഴിഞ്ഞ അവസ്ഥയിലാണ്.
റിപ്പോര്‍ട്ടിനായി പഠന വിധേയമാക്കിയ ഡാമുകളില്‍ ഇന്ത്യയിലെ ഒരേ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. ആറ് അണക്കെട്ടുകളില്‍ തന്നെ ഏറ്റവും പഴക്കം ഇതിനാണ്. നിലവില്‍ റിപ്പോര്‍ട്ടില്‍ പഠന വിധേയമാക്കിയ അണക്കെട്ടുകളില്‍ നാലെണ്ണം ഡി കമ്മീഷന് ചെയ്തു കഴിഞ്ഞു. സിംബാവെയിലെ ഒരു ഡാമും ഒപ്പം മുല്ലപ്പെരിയാറുമാണ് ഇപ്പോഴും തുടരുന്നത്. മുല്ലപ്പെരിയാറിന്റെ ആയുസ് കണക്കാക്കിയാല്‍ 1887-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1895-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വര്‍ഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്.
റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് കോണ്‍ക്രീറ്റ് അണക്കെട്ടുകള്‍ക്കുള്ള ശരാശരി കാലാവധി 50 വര്‍ഷമെന്നാണ്. സാധാരണ ഗതിയില്‍ 100 വര്‍ഷം വരെയും ഇത് പോകാറുണ്ട്. നിലവില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: