റായ്പൂര്‍: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഛത്തീസ്ഗഡില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായഭിന്നത ഞായറാഴ്ച കയ്യാങ്കളിയിലേക്ക് നീങ്ങി. ജഷ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകസമ്മേളനത്തിലാണ് കോണ്‍ഗ്രസ്സിലെ ഭൂപേഷ് ബാഗല്-സിങ് ദിയോ പക്ഷക്കാര്‍ ഏറ്റുമുട്ടിയത്.
സ്റ്റേജില്‍ നടന്ന സംഘട്ടനത്തില്‍ മുന്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് പവന് അഗര്‍വാളിനെ മറുപക്ഷം സ്റ്റേജില്‍ നിന്നും തള്ളിത്താഴെയിടുകയും സംസാരിക്കാന്‍ അനുവദിക്കാതെ തടയുകയും ചെയ്തു. വിമത നേതാവ് സിങ് ദിയോയ്ക്ക് വേണ്ടി സംസാരിക്കാന്‍ ശ്രമിച്ചതിനാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പക്ഷക്കാര്‍ പവന് അഗര്‍വാളിനെ സ്റ്റേജില്‍ നിന്നും തള്ളിത്താഴെയിട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചു.
ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അദ്ദേഹത്തെ എതിര്‍ക്കുന്ന നേതാവ് ടിഎസ്. സിങ് ദിയോയും ഭീന്നതകള്‍ മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്നും ഇതിനായി ഭൂപേഷ് ബാഗല് മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊടുക്കണമെന്നും പവന് അഗര്‍വാള്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ രണ്ടരവര്‍ഷക്കാലം ഭൂപേഷ് ബാഗലിനും ഒടുവിലത്തെ രണ്ടര വര്‍ഷം ടി.എസ്. സിങ് ദിയോയ്ക്കും അധികാരം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിപദവി വിട്ടൊഴിയാന്‍ ഭൂപേഷ് ബാഗല് തയ്യാറല്ല. ഈയിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുഖ്യമന്ത്രിപദം ഒഴിയാന്‍ ഭൂപേഷ് ബാഗലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതോടെ ഭൂപേഷ് ബാഗല് സോണിയയെ വെല്ലുവിളിക്കുകയായിരുന്നു. തന്നെ അധികാരത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭൂപേഷ് ബാഗലിന്റെ കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ള താക്കീത്.
തന്നെ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഒഴിവാക്കിയാല്‍ കൂടെയുള്ള 12 എംഎല്‍എമാരെ ചേര്‍ത്ത് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്നും ഭൂപേഷ് ബാഗല് പറയുന്നു. മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ ഭൂപേഷ് ബാഗലിന് വേണ്ടി സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്. സിങ് ദിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ സംസ്ഥാനത്ത് വന്കലാപത്തെ നേരിടേണ്ടിവരുമെന്നാണ് ഇവര്‍ മുഴക്കുന്ന ഭീഷണി.
ഇതോടെ പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്.ഇതോടെ പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: