മുംബൈ : ആഢംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന്റെ പേരില്‍ ഷാരുഖ് ഖാനില്‍ നിന്നും പണം തട്ടാനുള്ള ശ്രമമെന്ന് ആരോപണം. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കമുള്ളവര്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ലാണ് ആരോപിച്ചത്.
പണത്തിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെകൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടു. കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയെന്ന ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തല്‍ നടത്തിയ പ്രഭാകര്‍ സെയ്ല്.
കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല. എന്‍സിബി ഓഫീസില്‍ വച്ച് സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പിടീച്ചെന്നും സെയ്ല് ആരോപിച്ചു. എന്‍സിബി ഓഫീസില്‍ വെച്ച് ഗോസാവി ആര്യന് ഖാനെക്കൊണ്ട് ആരെയൊക്കയോ ഫോണ്‍വിളിക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
ആര്യന് അറസ്റ്റിലായി പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജരെ കാണാന്‍ പോയി. പോവുന്നതിനിടയ്ക്ക് കാറില്‍ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. 25 കോടി ചോദിക്കാം, 18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ഗോവാസിക്കെതിര ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയോടെ ഇയാള്‍ ഒളിവിലാണ്.
അതേസമയം ഈ ആരോപണങ്ങളെല്ലാം സമീര്‍ വാങ്കഡെ തള്ളി. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ എന്‍സിബി ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ. അടിസ്ഥാന രഹിതമായ ആരോപണമാണ്. എന്‍സിബിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസില്‍ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ പ്രതികരിച്ചു.
കപ്പലില്‍ റെയ്ഡ് നടന്ന ഒക്ടോബര്‍ രണ്ടിന് മുമ്പ് പ്രഭാകര്‍ സെയിലിനെ കുറിച്ച് തങ്ങള്‍ കേട്ടിട്ടില്ല. അയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. സെയ്ലിന്റെ സത്യവാങ്മൂലം കോടതിയിലെത്തുമ്പോള്‍ മറുപടി നല്‍കുമെന്നും ഇയാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: