തിരുവനന്തപുരം: കയര്‍ വകുപ്പിനുകീഴിലുള്ള കയര്‍ഫെഡ്, ഫോംമാറ്റിങ്സ് ഇന്ത്യ, കേരള സ്റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്ചറിങ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും.
സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം തന്നെ കയര്‍ഫെഡില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1992 ലാണ് കയര്‍ഫെഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. 2017 ല്‍ കയര്‍ഫെഡ് നിയമനങ്ങള്‍ക്കുള്ള സ്പെഷല്‍ റൂള്‍സും തയ്യാറായി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നിയമനം പോലും പിഎസ്സി മുഖേന നടത്തിയിട്ടില്ല.
പ്രമുഖ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കടക്കം ഈ സ്ഥാപനത്തില്‍ വിരമിച്ച ശേഷവും പുനര്‍നിയമനം നല്കി. പെന്ഷന് പറ്റിയ 13 പേരെ, അവര്‍ മുമ്പ് ജോലി ചെയ്തിരുന്ന അതേ തസ്തികകളില്‍, പെന്‍ഷനാവുന്നതിന് മുമ്പ് അവര്‍ക്ക് ലഭിച്ചിരുന്ന അതേ ശമ്പളത്തില്‍ത്തന്നെ നിയമിച്ചു. അതില്‍ ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയും കയര്‍ഫെഡിലെ സിഐടിയു നേതാവും ഉള്‍പ്പെട്ടിട്ടുണ്ട്.
കയര്‍ഫെഡില്‍ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 18 കരാര്‍ ജീവനക്കാരുടെ നിയമന കാലാവധി ഓരോ പതിനൊന്ന് മാസം കഴിയുമ്പോഴും വീണ്ടും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്. ശമ്പളവര്‍ധനവ് ഉള്‍പ്പെടെ നല്‍കിയാണ് ഇവരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. കയര്‍ഫെഡിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളപരിഷ്കരണ നടപടികള്‍ അനന്തമായി നീളുമ്പോഴാണ് ഇത്തരത്തില്‍ പിന്‍വാതിലിലൂടെ കയറിക്കൂടിയ കരാര്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായ വേതന വര്‍ധന നല്കി കാലാവധി നീട്ടുന്നത്. 2020 ല്‍ നല്കിയ 2017-2018 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി സൂചിപ്പിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപ കയര്‍ഫെഡിലെ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോക്ക് വെരിഫിക്കേഷനിലും വലിയ അപാകതകള്‍ നടന്നിട്ടുണ്ട്. കയര്‍ഫെഡിലെ ഓഡിറ്റ് വേഗത്തിലാക്കുന്നതിനും ഷോറൂം കണക്കുകള്‍ക്ക് ഏകീകൃത അക്കൗണ്ടിങ് സിസ്റ്റം രൂപപ്പെടുത്തുന്നതിനും അക്കൗണ്ടിങ് സോഫ്റ്റ്വെയര് മെച്ചപ്പെടുത്തുന്നതിനു
മായി 2014-2015 കാലഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്ന 35 ലക്ഷം രൂപ ആ ആവശ്യത്തിന് ഉപയോഗിക്കാതെ വകമാറ്റി ചെലഴിച്ചു. ഹെഡ് ഓഫീസിലെ വിവിധ സെക്ഷനുകളിലും ഷോറൂമുകളിലും സ്റ്റോക്കുകളിലും വന്‍ക്രമക്കേടുകളും അഴിമതിയും നടന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടും വീഴ്ച കൊണ്ടും കോടിക്കണക്കിന് രൂപയുടെ നഷ്ടം കയര്‍ഫെഡിന് സംഭവിച്ചു. ഇതിന് പുറമേയാണ് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് മുഖേന ചകിരിവാങ്ങി നല്‍കുന്നതിലെ അഴിമതി. മുമ്പ് സംഘങ്ങള്‍ക്ക് പുറംമാര്‍ക്കറ്റില്‍ നിന്നും ഗുണമേന്മയുള്ള ചകിരി നേരിട്ട് സംഭരിക്കാന്‍ കഴിയുമായിരുന്നു. അതിന് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ തടസ്സം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പകരം ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ കൂടുതല്‍ വില നല്കി കയര്‍ഫെഡ് നല്കുന്ന ഗുണനിലവാരം കുറഞ്ഞ ചകിരി വാങ്ങുന്നതിന് സഹകരണ സംഘങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കോര്‍പ്പറേഷനിലും വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി ആക്ഷേപമുണ്ട്. അനധികൃത നിയമനങ്ങളും വ്യവസ്ഥാപിതമായ അപ്രന്റിസ്ഷിപ്പ് രീതി ലംഘിച്ചുകൊണ്ടുളള നിയമനങ്ങളും ഇവിടെ നടക്കുന്നു. ഈ സ്ഥാപനത്തില്‍ നിര്‍മിക്കുന്ന യന്ത്രോപകരണങ്ങള്‍ക്ക് യാതൊരുവിധ ഗുണനിലവാരമോ കാര്യക്ഷമതയോ ഇല്ല എന്ന പരാതിയുമുണ്ട്.
തമിഴ്നാട്ടില്‍ നിന്നടക്കമുള്ള സ്വകാര്യകമ്പനികളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ യന്ത്രോപകരണങ്ങള്‍ വാങ്ങി സപ്ലൈ ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: