കാഞ്ഞാണി: സ്കൂളുകൾ തുറക്കാൻ ധാരണയായെങ്കിലും സ്കൂൾ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തിയിരുന്ന മിനി ബസുകളുടെ കാര്യം പ്രതിസന്ധിയിൽ. മിനി ബസുകൾ ഓടി തുടങ്ങണമെങ്കിൽ നിയന്ത്രണങ്ങളിൽ ഇനിയും ഒരുപാട് അയവുകൾ വരേണ്ടതുണ്ട്.
വിദ്യാർത്ഥികളുടെ കാര്യത്തിൽ സാമൂഹിക അകലം അടക്കം സർക്കാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ കർക്കശ നിലപാടാണ് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന മിനി ബസുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രം ഇരുത്തി യാത്ര ചെയ്യണമെന്നാണ് ഉത്തരവ്. എന്നാൽ കൂടുതൽ ഇളവുകൾ ഇവർക്കും നൽകിയെങ്കിൽ മാത്രമേ നഷ്ടത്തിലോടുന്ന മിനി ബസുകൾക്ക് സർവീസ് നടത്താനാകൂ എന്ന നിലപാടിലാണ് ഉടമകൾ.
തൃശൂർ ജില്ലാ കോൺട്രാക്റ്റ് കാരേജ് അസോസിയേഷന്റെ കീഴിൽ അഞ്ഞൂറോളം മിനി ബസുകളാണ് ജില്ലയിൽ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്നത്. 12, 17, 19 സീറ്റുകൾ ഉള്ള ടെംപോ ട്രാവലർ, ടൂറിസ്റ്റർ വാഹനങ്ങാണ് ഭൂരിപക്ഷവും. മിക്ക വാഹനങ്ങളുടെയും ഉടമകൾ തന്നെയാണ് ഡ്രൈവർമാരായിട്ടുള്ളത്. ലോണടയ്ക്കാൻ തന്നെ നല്ലൊരു തുക ഈ വാഹനങ്ങൾക്ക് വേണ്ടതായിട്ടുണ്ട്. സീറ്റിങ്ങ് കപ്പാസിറ്റി അനുസരിച്ച് 10,000 മുതൽ 35,000 രൂപ വരെ പ്രതിമാസം ലോൺ അടക്കുന്ന വാഹനങ്ങളുണ്ട്. ത്രൈമാസ നികുതിയും ക്ഷേമനിധിയുമായി 3500 മുതൽ 10,000 രൂപ വരെ നികുതിയും വേറെ വേണം.
ശരാശരി ഓട്ടവുമായി പോകുന്നതിനിടെ കൊവിഡ് രംഗപ്രവേശം ചെയ്തതോടെയാണ് മിനി ബസ് സർവീസുകളുടെ താളം തെറ്റിയത്. വാഹനങ്ങൾ ജി ഫോം നൽകി കയറ്റി ഇടേണ്ട സാഹചര്യം ഉണ്ടായി. കടം കയറി പിടിച്ചു നിൽക്കാൻ കഴിയാത്ത പലരും മറ്റു മേഖലകളിൽ ജോലിയിൽ വ്യാപൃതരായി. പ്രധാന മേഖലകളിലെല്ലാം സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സ്കൂൾ ബസ് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ആശ്വാസമുള്ള തീരുമാനം ഇല്ലെന്ന ആക്ഷേപമുണ്ട്. വിനോദ സഞ്ചാര മേഖല, പൊതു ഗതാഗതം, തുടങ്ങി സിനിമാ തിയേറ്ററുകൾക്ക് വരെ ഇളവ് ലഭിച്ചെങ്കിലും ഇവർക്ക് ആശ്വാസമേക്കുന്ന തീരുമാനങ്ങൾ ഉണ്ടായില്ലെന്നാണ് പരാതി.
ഒരു 17 സീറ്റ് വാഹനത്തിൽ 30 വിദ്യാർത്ഥികളെ കയറ്റി സർവീസ് നടത്താൻ മിനി ബസുകൾക്ക് മുൻപ് അനുമതി ഉണ്ടായിരുന്നത്. ചില വാഹനങ്ങളിൽ ഇത് 40 മുതൽ 45 കുട്ടികൾ വരെ യാത്ര ചെയ്യുന്ന സാഹചര്യവും സാധാരണമായിരുന്നു. എന്നാൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ ഇരുത്തി സർവീസ് നടത്തുക എന്നുള്ളത് അപ്രായോഗികമാണെന്ന് മിനി ബസ് സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇതിന് വേണ്ടി വരുന്ന അധിക ചിലവ് വാടകയിനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് കൂട്ടി വാങ്ങുന്നത് ശരിയായ നടപടിയല്ലെന്ന് ഇവർ പറയുന്നു.
ജി ഫോം കൊടുത്ത് കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ പുറത്തിറക്കണമെങ്കിൽ വീൽ, ബാറ്ററി, ഇൻഷുറൻസ്, ജീപിഎസ് എന്നിവയടക്കം 80,000 രൂപയോളം ചിലവാക്കണം. ഗവൺമെന്റ് നിർദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ മിനി ബസുകൾക്ക് സർവീസ് നടത്താനാവില്ലെന്ന് തൃശൂർ ജില്ലാ സ്റ്റേജ് കോൺട്രാക്റ്റ് അസോസിയേഷൻ പ്രസിഡന്റ് സജി സായ് കൃഷ്ണ, സെക്രട്ടറി സിബിൻ വിസ്കിഡ് എന്നിവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: