ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തിൽ ഇതുവരെ 42 പേര് മരിച്ചതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേശീയ പ്രതിരോധ രക്ഷാസേന (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിലാണ് കൂടുതല്‍ പേര്‍ക്ക് അപായമുണ്ടായതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
കോസി പുഴയില്‍ നിന്നുള്ള വെള്ളം കയറി രാം നഗര്‍-റാണിഖേഠ് റോഡില്‍ സ്ഥിതിചെയ്യുന്ന ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ 200 പേര് കുടുങ്ങിക്കിടക്കുകയാണ്. ചാര്‍ധാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിയവര്‍ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളില്‍ 90 മില്ലി ലിറ്ററാണ് മഴ പെയ്തത്.
ചൊവ്വാഴ്ച 18 പേര്‍കൂടി മരിച്ചതോടെയാണ് ആകെ മരണം 28 ആയത്. മേഘവിസ്ഫോടനവും ഉരുള്‍പൊട്ടലുമാണ് ആള്‍നാശത്തിന് ഇടയാക്കിയത്. നിരവധി പേര് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഡെറാഡൂണില്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും ചാര്‍ധാം യാത്രയ്ക്കായി 100 പേര് എത്തിയിരുന്നു. ഇതില്‍ ഒമ്പത് പേര് ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ബന്ധപ്പെട്ടിരുന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ സംസ്ഥാനത്തെത്തും. സംസ്ഥാനത്തെ വൈദ്യുതി, ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചു.
അടിയന്തരസഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: