തിരുവനന്തപുരം : തനിക്ക് ജനിച്ച കുഞ്ഞിനെ ദിവസങ്ങള്‍ക്കുള്ളില്‍ ബലമായി കൊണ്ടു പോയി ഒളിപ്പെന്ന എസ്എഫ്ഐ വനിതാ നേതാവ് അനുപമയുടെ പരാതിയില്‍ കേസ് എടുത്ത് പോലീസ്. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രന്, അമ്മ, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അനുപമ തന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ പോലീസ് കേസെടുക്കില്ലെന്നായിരുന്നു അനുപമയുടെ ആരോപണം. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്താണ് കുഞ്ഞിന്റെ അച്ഛന്. . അജിത്ത് വിവാഹിതനാണെന്നതും മറ്റൊരു മതത്തില്‍പ്പെട്ട ആളായതു കൊണ്ടും ഈ ബന്ധത്തെ അനുപമയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് അനുപമ ഗര്‍ഭിണിയായത്.
കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രന് ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 19ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുള്‍പ്പെടെയുള്ളവരെ ജയചന്ദ്രന് നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്പോള്‍ ഉടന്‍ തരാമെന്ന് മാതാപിതാക്കള്‍ അനുപമയെ പറഞ്ഞു പറ്റിച്ചിരുന്നു.
ആറ് മാസം മുന്‍പാണ് അനുപമ തന്റെ ആണ് കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് അച്ഛന് ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാല്‍ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രന് പറയുന്നത്.
തന്റെ കുഞ്ഞിനെ അച്ഛന് തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ നടന്നൊരു ചാനല്‍ ചര്‍ച്ചയില്‍ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷന് അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തില്‍ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: