തൃശൂര്‍: 2018ലെ പ്രളയത്തില്‍ ദുരന്തഭൂമിയായ ചാലക്കുടി പുഴയുടെ തീരദേശവാസികള്‍ ഭീതിയുടെ നിഴലില്‍. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഷോളയാര്‍, പറമ്പിക്കുളും ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത വേണമെന്ന് ജില്ലാ കള്കടര്‍ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴ സ്ഥിതി ഗുരുതരമാക്കുമോ എന്നാണ് ആശങ്ക. എന്തായാലും മുന്‍കരുതല്‍ നടപടിയെന്നോണം താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 400 പേരോളം ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഷോളയാര്‍ ഡാം തുറന്നത്. നാലടി വെള്ളമാണ് ഗേറ്റ് വഴി പുറത്തേക്ക് ഒഴുക്കിവിട്ടത്. 2662.5 അടിയാണ് നിലവിലെ ജലനിരപ്പ്. 2663 അടിയില്‍ കൂടാതിരിക്കാനാണ് നേരത്തെ വെള്ളം പുറത്തേക്ക് വിടുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നുവെന്നത് ആശങ്കയുളവാക്കുന്നു.
പറമ്പിക്കുളത്ത് നിന്നും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം തുറന്നുവിട്ടിട്ടുണ്ട്. ഈ ജലമെല്ലാം ഒഴുകിയെത്തുന്നത് ചാലക്കുടി പുഴയിലാണ്. ഇതിനിടെ പീച്ചി, ചിമ്മിനി, വാഴാനി ഡാമുകള്‍ തുറന്നതിനാല്‍ മണലി, കുറുമാലി പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: