തിരുവനന്തപുരം: ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്കാകും ഡാം തുറക്കുക. ഇനിയും ജലം സംഭരിക്കുന്നത് സ്ഥിതി ഗുരുതമാക്കുമെന്ന വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. കക്കി, ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. ഇടമലയാര്‍ ഡാമും തുറക്കാനുള്ള ആലോചന ശക്തമാണ്.
അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നതിനു വിദഗ്ധ സമിതി നിര്‍ദേശം വേണമെന്ന് ഇന്നു ചേര്‍ന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.
സംസ്ഥാനത്ത് ഇപ്പോള്‍ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.
ഡാം തുറന്നാന്‍ നദിയുടെ പരിസരങ്ങളില്‍ ഉള്ളവരെ മാറ്റുന്നതടക്കം സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കും. അതീവ ജാഗ്രത നിര്‍ദേശമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ അപ്പര്‍കുട്ടനാട് വെള്ളത്തിനടിയാണ് പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്. ചെന്നിത്തല പടിഞ്ഞാറെ വഴി ഇഞ്ചക്കത്തറ കോളനി മുങ്ങി. ഇവിടെയുള്ള ഏക റോഡിലെ ശുദ്ധജല ടാപ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കുടിവെള്ളവും മുട്ടി.
ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ നദികളിലെ ജലനിരപ്പ് രണ്ടുമീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: